തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. വിദേശയാത്രയുടെ നേട്ടങ്ങൾ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ല, ഭാവിയിൽ കാണാം. മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ വിദേശയാത്ര സംബന്ധിച്ച് വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാർ വിദേശത്ത് നിന്ന് വന്നിറങ്ങിയില്ലല്ലോ, അതിന് മുൻപ് ധൂര്‍ത്താണെന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി കുടുംബസമേതം വിദേശയാത്ര നടത്തിയതിനെതിരെ വിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവിനും ശിവൻകുട്ടി മറുപടി നൽകി. മന്ത്രിമാർ ആയതിനാൽ ഭാര്യമാർക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നില്ല. സ്വന്തം ചെലവിലാണ് അവർ വന്നത്, സ്വന്തം ഭാര്യമാരെയാണ് കൊണ്ടുപോയതെന്നും വി ശിവൻകുട്ടി പറഞ്ഞു.