തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിലെ (Mid Day Meal Scheme) സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നും (Central Government) സംസ്ഥാനതലത്തിൽ പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി (V Sivankutty). പദ്ധതിയുടെ ഫണ്ടിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം കേരള സർക്കാരുമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസവാദങ്ങൾ ഉയർത്തി തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ വിശദീകരിച്ചു.
വിശദീകരണം ഇങ്ങനെ:ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും പൊതുസമൂഹത്തിന്‍റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്‌ടമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകർക്കുണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസ് ഐഎഎസിനെ ചുമതലപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയല്ല വേണ്ടതെന്നും പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.