തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച ദുരാരോപണങ്ങൾ പടർത്തുന്ന നിക്ഷിപ്‌ത താത്‌പര്യക്കാരുണ്ടെന്നും എന്നാൽ യാതൊരു തടസവും കൂടാതെ പ്രവേശന നടപടികൾ പൂർത്തികരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച വിവാദങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവൻകുട്ടി പ്രതികരിച്ചത്.
പ്ലസ് വൺ പ്രവേശന പ്രോസ്പെക്‌ട്‌സ് തയ്യാറാക്കുന്നതിന് മുൻപേ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഉദ്ദേശം നല്ലതല്ല. കേരളത്തെ തെക്ക് വടക്ക് എന്ന രീതിയിൽ വിലയിരുത്തുന്നത് അനാരോഗ്യ പ്രവണതയാണെന്നും മന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ നൽകുന്നതിന് പിന്നിൽ നിക്ഷിപ്‌ത താത്‌പര്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് മന്ത്രി മാധ്യമങ്ങളെയും വിമർശിച്ചു.
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും മുൻ വർഷത്തേത് പോലെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മനസിലാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം : 'പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്‌ത താൽപര്യക്കാരുണ്ട്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി.
പ്രവേശനത്തിനുള്ള പ്രോസ്പെക്‌ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല.