തിരുവനന്തപുരം:പത്താം ക്ലാസിന് ശേഷം ഉപരിപഠനത്തിന് പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികൾക്കും പഠന സൗകര്യം ഉറപ്പാക്കുമെന്നും പഠിച്ച സ്‌കൂളിൽ തന്നെ തുടർ പഠനത്തിന് അവസരം കിട്ടണമെന്ന ചിന്ത മാറ്റണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022- 23 അധ്യായന വർഷത്തിൽ തന്നെ 45,124 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനത്ത് ഒരു താലൂക്കിലും സീറ്റുകളുടെ അപര്യാപ്‌തത നിലനിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ളിടത്ത് താൽക്കാലിക ബാച്ചുകളും മാർജിനിൽ സീറ്റ് വർധനവും ഏർപ്പെടുത്തി പ്രവേശന നടപടികൾ തുടരുന്നതിനാൽ തന്നെ ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടെയും പ്രവേശനം സാധ്യമായിട്ടുണ്ടായിരുന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു.