തിരുവനന്തപുരം:കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ തമാശയായിരുന്നുവെന്ന വിവാദ പ്രസ്‌താവന തിരുത്തി മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും കഠിന പ്രയത്‌നം കൊണ്ടാണ് കഴിഞ്ഞ വർഷം വലിയ വിജയം നേടിയത്. തന്‍റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷം ഫോക്കസ് ഏരിയ വച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഫലം വന്നപ്പോൾ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് എ പ്ലസ് ലഭിച്ചു. കുട്ടികള്‍ക്ക് ലഭിച്ച അംഗീകാരത്തെ കേന്ദ്രത്തില്‍ ഉള്ളവരടക്കം കളിയാക്കിയിരുന്നു. എന്നാല്‍ അതിനെ താന്‍ വിമര്‍ശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താൻ പരീക്ഷ ഫലത്തെ തമാശമായി പറഞ്ഞിട്ടില്ല. ഇന്നലെ പുറത്ത് വന്ന വാർത്ത തെറ്റായി വ്യാഖ്യാനിച്ചതാണ്. എല്ലാ വിഷയത്തിലും നെഗറ്റീവ് മാത്രം കാണരുതെന്നും പോസിറ്റീവായി കൂടി കാണണമെന്നും പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കൂടുതലൊന്നും വിശദീകരിക്കാന്‍ ഇല്ലെന്നും വ്യക്തമാക്കി.