തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം നീളുന്നതിന് പിന്നിൽ സമരക്കാർക്കിടയിലെ അഭിപ്രായ വ്യത്യാസമെന്ന് ആരോപിച്ച് മന്ത്രി വി ശിവൻകുട്ടി. രാജ്യമാകെ ശ്രദ്ധിക്കുന്ന സംഘർഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് സമരസമിതി മുന്നോട്ടുപോകുന്നത്. വിഷയത്തിൽ അവര്‍ക്കുതന്നെ രണ്ട് അഭിപ്രായമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'വിഴിഞ്ഞം പ്രക്ഷോഭം നീളുന്നതിന് പിന്നിൽ അഭിപ്രായ വ്യത്യാസം'; സമരസമിതിയുടെ ലക്ഷ്യം സംഘര്‍ഷമുണ്ടാക്കലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ്, വിഴിഞ്ഞം സമരത്തില്‍ സംഘാടകര്‍ക്കെതിരായ വി ശിവന്‍കുട്ടിയുടെ ആരോപണം
സർക്കാർ തലത്തിൽ തന്നെ പത്തോളം ചർച്ചകൾ നടന്നു. ചീഫ് സെക്രട്ടറിയും സമരസമിതിയുമായി ചർച്ച നടത്തി. സമരസമിതി ഉന്നയിച്ച, തുറമുഖ നിർമാണം നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഒഴികെ മറ്റ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതാണ്. കേരളത്തിന്‍റെ വികസനത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണിത്. കോടതി തന്നെ വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
ഇപ്പോൾ സമരസമിതി ഉന്നയിക്കുന്നത് പുതിയ ആവശ്യങ്ങളാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ഒരു വിഭാഗം ഇറങ്ങിത്തിരിക്കുന്നത്. ചർച്ചയിൽ ആവശ്യപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ്. സമരം അവസാനിപ്പിക്കാവുന്ന സാഹചര്യമാണെന്നും ശിവൻകുട്ടി പറഞ്ഞു.