' 220 ദിനം സ്‌കൂള്‍ പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല': വി ശിവന്‍കുട്ടി തിരുവനന്തപുരം:സ്‌കൂൾ പ്രവര്‍ത്തി ദിനം 220 ദിനമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ പ്രവർത്തി ദിനം 220 ആകുമ്പോൾ ശനിയാഴ്‌ചകളിൽ ക്ലാസ് വയ്‌ക്കേണ്ടി വരും എന്നും ഇത് വിദ്യാർഥികൾക്ക് അധികഭാരം ഉണ്ടാകുമെന്നും പറഞ്ഞ് അധ്യാപക സംഘടനകൾ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
പ്രവര്‍ത്തി ദിവസം ഇങ്ങനെ: കേന്ദ്ര നിയമം 2009 പ്രകാരം സംസ്ഥാനത്ത് വിദ്യാഭ്യാസ ചട്ടം 2012 നിലവിൽ വരികയും ചെയ്‌തിട്ടുണ്ടെന്നുo ഇത് പ്രകാരവും കെ ഇ ആർ 220 പ്രവർത്തി ദിവസം കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. എൽ പി വിഭാഗത്തിൽ 800 മണിക്കൂറും, യുപി വിഭാഗത്തിൽ 1000 മണിക്കൂർ, ഹൈസ്‌കൂളിൽ 1200 മണിക്കൂർ, ഹയർസെക്കൻഡറിയിൽ 1200 മണിക്കൂർ ഇത്തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, ഇത് കൃത്യമായി ലഭിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്‌ചകളിൽ എൻസിസി എൻഎസ്എസ് എന്നിവയും ഉണ്ട്. ഇതിനിടയിൽ ഈ മണിക്കൂറുകൾ ഉറപ്പുവരുത്തണമെന്നും ആയതിനാൽ കൃത്യമായ പഠനം ഇത് സംബന്ധിച്ച് വേണമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിർദേശിച്ച കരട് അക്കാദമിക കലണ്ടറിലാണ് പ്രവർത്തി ദിനം കൂട്ടുന്നത് സംബന്ധിച്ച് നിർദേശം ഉള്ളത്.
പ്രവര്‍ത്തി ദിനമുള്ള ശനിയാഴ്‌ചകള്‍:പുതിയ അധ്യയന കലണ്ടർ അനുസരിച്ച് ജൂൺ, സെപ്‌റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ ആറു മാസം മൂന്ന് ശനിയാഴ്‌ചകൾ പ്രവർത്തി ദിനം ആയിരിക്കും. ഓഗസ്‌റ്റ്, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ രണ്ട് ശനിയാഴ്‌ചകളും പ്രവർത്തി ദിനമാവും. ജൂലൈയിൽ മുഴുവൻ ശനിയാഴ്‌ചകളും പ്രവർത്തി ദിനവും ആയിരിക്കും.
ഇത്തരത്തിൽ 28 ശനിയാഴ്‌ചകളിൽ ക്ലാസ് നടത്തി 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഹയർസെക്കൻഡറിയിൽ 192 പ്രവർത്തി ദിനങ്ങളും വിഎച്ച്എസ്ഇ 221 പ്രവർത്തി ദിനങ്ങളും വേണമെന്ന് നിർദേശമുണ്ട്.
അതേസമയം, പുതിയ സിലബസോ പാഠപുസ്‌തകങ്ങളോ വരാത്ത സാഹചര്യത്തിൽ പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിൽ ഉണ്ടായിരിക്കെ പ്രവർത്തി ദിനം ആറു ദിവസമാക്കുന്നത് വിദ്യാർഥികളുടെ മേൽ അധികഭാരം വരുത്തുമെന്ന് അധ്യാപക സംഘടനകൾ പറയുന്നു. സമഗ്ര, സ്‌കൂൾ ഓൺലൈൻ വർക്കുകൾ തുടങ്ങി അധ്യാപകർക്ക് സർക്കാർ നൽകിയ മറ്റ് സ്‌കൂൾ ചുമതലകൾ എന്നിവയ്ക്കിടയിൽ ആറ് പ്രവര്‍ത്തി ദിനം കൂടി വരുന്നത് അധ്യാപകർക്കും പ്രയാസമാണെന്നും സംഘടനകൾ പറയുന്നു. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകൾ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രവേശനോത്സവം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലും അധ്യാപകർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ഥികളെ ലഹരി കെണിയില്‍ നിന്നും രക്ഷപ്പെടുത്താനായി 2023-24 വര്‍ഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 75 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും വിവിധ പദ്ധതികള്‍ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാതലം മുതല്‍ വാര്‍ഡ് തലം വരെയും സമിതികളും എന്‍എസ്‌എസിനെയും സ്‌കൂള്‍ തല ക്ലബുകളെയും ഒരുമിച്ച് കൂട്ടി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വിമുക്തി മിഷന്‍റെ ആഭിമുഖ്യത്തില്‍ 14ലെ റിഹാബിലിറ്റേഷന്‍ സെന്‍ററുകളും സാമൂഹ്യ നീതി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള രണ്ട് റിഹാബിലിറ്റേഷന്‍ സെന്‍ററും ഉള്‍പെടെ 16 സെന്‍ററുകളും, എന്‍ജിഒ മുഖേന നടത്തുന്ന സെന്‍ററുകളുടെ സേവനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.