തിരുവനന്തപുരം :സംസ്ഥാനത്ത് സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി മിന്നൽ സന്ദര്‍ശനം നടത്തി വിദ്യാഭ്യാസ മന്ത്രി. പൂജപ്പുര ഗവ. യു.പി.എസിലാണ് വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. സ്‌കൂളിലെ പാചകപ്പുര, ശുചിത്വം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പരിശോധിച്ചു.
പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, വെള്ളം, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ മന്ത്രി ഉറപ്പുവരുത്തി. വിദ്യാർഥികൾക്കൊപ്പമാണ് മന്ത്രി ഉച്ചഭക്ഷണം കഴിച്ചത്. പരിപ്പ്, പപ്പടം, വെണ്ടക്ക മെഴുക്കുപുരട്ടി, അച്ചാർ തുടങ്ങിയവയായിരുന്നു സ്‌കൂളിലെ തിങ്കളാഴ്‌ച വിഭവങ്ങൾ. ഭക്ഷണം കഴിച്ച മന്ത്രി സ്‌കൂള്‍ അധികൃതരെ അഭിനന്ദിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന :വിദ്യാര്‍ഥികളോട് കുശലാന്വേഷണം നടത്തി സമയം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സർക്കാരിന് കുട്ടികളുടെ ആരോഗ്യം മുഖ്യവിഷയമാണ്. ഞായറാഴ്‌ച രാത്രി മുതൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പരിശോധന നടത്താനുള്ള നിർദേശം നൽകി. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.