തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ എസ് സി ഇ ആർ ടി യുടെ പുസ്‌തകത്തിലെ പാഠഭാഗം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്രചരിക്കുന്ന പാഠഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പാഠപുസ്‌തകത്തിലേത് അല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.
കേരളത്തിൽ പഠിപ്പിക്കുന്ന പാഠപുസ്‌തകത്തിലെ പാഠഭാഗം എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ചിത്രം വിവാദമായതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എത്തിയത്. കേരളത്തിൻ്റെ പാഠപുസ്‌തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മഴ എന്ന പാഠ ഭാഗത്തിന്‍റെ കീഴിലായാണ് വ്യാജ കവിത അച്ചടിച്ചു വന്നിരിക്കുന്നത്. എന്നാൽ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആർ ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്‌തകം പ്രസിദ്ധീകരിച്ചിട്ടില്ലന്നും 2013 മുതൽ ഒരേ പാഠപുസ്‌തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹായ് മഴ..!
മുറ്റം നിറയെ വെള്ളം....
വെള്ളത്തിൽ നടക്കാൻ എന്തു രസം....
അജ്‌മൽ പുള്ളിക്കുട ചൂടി....
മദ്രസയിലേക്ക് നടന്നു...
മോനെ ആരാണ് മഴ തരുന്നതെന്ന് അറിയാമോ....
ഇല്ല ഉമ്മാ...
മോനെ അല്ലാഹുവാണ് മഴ തരുന്നത്.....
എന്നിങ്ങനെയായിരുന്നു പാഠപുസ്‌തകത്തിലെ വരികൾ.
കേരളം പൊതുവിദ്യാഭ്യാസത്തിന്‍റെ കാവലാളാവുമെന്ന് വിദ്യാഭ്യാസ മന്ത്രി :എൻ സി ഇ ആർ ടി ഏകപക്ഷീയമായി പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്നും, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ചേര്‍ത്തുപിടിച്ച് ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്‍ററി പാഠപുസ്‌തകങ്ങള്‍ കേരളം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുവാനും, യഥാര്‍ഥ ചരിത്ര വസ്‌തുതകള്‍ പഠിക്കാനും, ശാസ്ത്ര ചിന്തകള്‍ വളര്‍ത്താനും പൊതുവിദ്യാഭ്യാസത്തെ ചേര്‍ത്തുപിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്‌ത് കേരളം പൊതുവിദ്യാഭ്യാസത്തിന്‍റെ കാവലാളാവുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
എൻ സി ഇ ആർ ടി 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ നിലവിലുള്ള പാഠപുസ്‌തകങ്ങളിൽ നിന്നും കൊവിഡിന്‍റെ പേരിൽ കുട്ടികളുടെ പഠന ഭാരം കുറയ്ക്കുന്നു എന്ന് പറഞ്ഞ് റേഷണലൈസേഷന്‍ എന്ന പേരിട്ട് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടികുറച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മൗലാനാ ആസാദ്, പരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിള്‍, ജനാധിപത്യക്രമം തുടങ്ങി രാജ്യത്തിന്‍റെ പൊതു ചരിത്രം ഭരണഘടനാമൂല്യങ്ങള്‍, രാജ്യം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികള്‍ തുടങ്ങിയവയെല്ലാമാണ് ഒഴിവാക്കിയത്. ഇത് എന്‍സിഎഫ്- 2005 ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളെ ചവിട്ടിമെതിക്കുന്നതാണന്നും മന്ത്രി പറഞ്ഞു.
കടുംവെട്ടുമായി എന്‍സിഇആര്‍ടി : മൂലകങ്ങളുടെ പീരിയോഡിക് ക്ലാസിഫിക്കേഷന്‍, ഊര്‍ജസ്രോതസുകള്‍, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്‍റ് എന്നിവയാണ് ശാസ്‌ത്ര പാഠപുസ്‌തകത്തില്‍ നിന്നും നീക്കം ചെയ്‌തത്. സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തകത്തില്‍ നിന്നും ജനാധിപത്യ രാഷ്‌ട്രീയം ഒന്നിന് കീഴില്‍ വരുന്ന ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, രാഷ്‌ട്രീയ പാർട്ടികളും ജനാധിപത്യത്തിനെതിരായ വെല്ലുവിളികളും ഉള്‍പ്പടെയുള്ള മൂന്ന് അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
പത്താം ക്ലാസിലെ പാഠപുസ്‌തകത്തിൽ നിന്ന് നേരത്തെ തന്നെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയിരുന്നു. ഡാർവിന്‍റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് അറിയാൻ ഉത്സാഹമുള്ള വിദ്യാർഥികൾക്ക് വെബ്‌സൈറ്റുകളിൽ നിന്ന് അത് കണ്ടെത്തി പഠിക്കാമെന്നും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം.
ALSO READ:ജനാധിപത്യം, പീരിയോഡിക് ടേബിള്‍, പരിണാമ സിദ്ധാന്തം എന്നിവ പുറത്ത്; പാഠപുസ്‌തകത്തില്‍ കടുംവെട്ടുമായി എന്‍സിഇആര്‍ടി