തിരുവനന്തപുരം : മലപ്പുറത്തെ കുട്ടികൾക്ക് അൺ എയ്‌ഡഡ് സ്‌കൂളുകളിൽ ചേരേണ്ട ഗതി വരുന്നുവെന്ന് പറയുന്നവർ മലപ്പുറത്ത് അൺ എയ്‌ഡഡ് സ്‌കൂളുകളിൽ 90 ശതമാനത്തിൽ അധികം അനുവദിച്ചത് യുഡിഎഫ് കാലത്താണെന്ന് അറിയണമെന്നും സർക്കാർ വിദ്യാലയങ്ങൾ കൊണ്ടു വന്നത് എൽഡിഎഫ് ആണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സമീപിക്കുന്ന ഒരു വിഭാഗമുണ്ട്. അവരുടെ ലക്ഷ്യം വിദ്യാർത്ഥികളുടെ ഉന്നമനം അല്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ പ്ലസ് വൺ പ്രവേശനത്തെ ചൊല്ലി വലിയതോതിൽ വിവാദമുണ്ടാക്കാൻ ശ്രമമുണ്ടായി. 1990ന് ശേഷം 15 വർഷമാണ് മുസ്‌ലിം ലീഗ് പ്രതിനിധികൾ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിനിധീകരിച്ചത്. അവർ മലബാറിനു വേണ്ടി പ്രത്യേകിച്ച് മലപ്പുറത്തിന് വേണ്ടി എന്തുചെയ്‌തു. ഫുൾ എ പ്ലസുകാർക്ക് പോലും സീറ്റില്ല എന്നായിരുന്നു അവരുടെ മുതലക്കണ്ണീർ. ഇപ്പോൾ എന്താ അതിനെക്കുറിച്ച് അവർക്ക് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം ജില്ലയിലെ കണക്കുകൾ പരിശോധിച്ചാൽ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ എല്ലാം നുണക്കോട്ടകൾ ആണെന്ന് വ്യക്തമാകും. എല്ലാ പ്രദേശത്തും സീറ്റുകളുടെയും ബാച്ചുകളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നത് എൽഡിഎഫ് പ്രഖ്യാപിത ലക്ഷ്യമാണ്. അതുകൊണ്ട് തന്നെയാണ് തുടക്കം മുതൽ ഞാൻ അലോട്ട്‌മെന്‍റ് കഴിഞ്ഞുള്ള കണക്കെടുപ്പിനെക്കുറിച്ചും അതിന് ശേഷമുണ്ടാകുന്ന നടപടികളെക്കുറിച്ചും വ്യക്തമാക്കിയത്.
മലപ്പുറം ജില്ലയിലെ ഗവൺമെന്‍റ് സ്‌കൂളുകളിൽ 190 സയൻസ് ബാച്ചുകളിലായി 12,350 സീറ്റുകളാണുള്ളത്. ഹ്യൂമിനിറ്റീസിൽ 124 ബാച്ചുകളും 8,060 സീറ്റുകളുമാണുള്ളത്. കൊമേഴ്‌സ് വിഭാഗത്തിൽ 164 ബാച്ചുകളും 10,660 സീറ്റുകളുമുണ്ട്. ഇനി എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളുടെ കാര്യമെടുക്കാം. 187 സയൻസ് ബാച്ചുകളും 11,220 സീറ്റുകളുമുണ്ട്. ഹ്യൂമാനിറ്റീസിൽ 92 ബാച്ചുകളിലായി 5,520 സീറ്റുകളുള്ളപ്പോൾ കൊമേഴ്‌സിൽ 119 ബാച്ചുകളും 7,140 സീറ്റുകളുമാണുള്ളത്. എല്ലാ കോമ്പിനേഷനുകളും കൂട്ടിയാൽ ആകെ 54,950 സീറ്റുകളാണുള്ളത്.