തിരുവനന്തപുരം:കെപിസിസി ട്രഷററായിരിക്കേ അന്തരിച്ച വി പ്രതാപചന്ദ്രന്‍റെ മരണം പാര്‍ട്ടിയിലെ ചിലരുടെ മാനസിക സമ്മര്‍ദം മൂലമെന്ന മകന്‍റെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനാണ് ഈ നിഗമനത്തിലെത്തിയത്. പ്രതാപചന്ദ്രനുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന രമേശ്, പ്രമോദ് എന്നീ വ്യക്തികളുടെ മാനസിക പീഡനവും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമാണ് പ്രതാപ ചന്ദ്രന്‍റെ മരണത്തിന് കാരണമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി പ്രതാപചന്ദ്രന്‍റെ മകനും മകളുമാണ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നത്.
ഇക്കാര്യം മാധ്യമ വാര്‍ത്തകളില്‍ നിറയുകയും എതിരാളികള്‍ കോണ്‍ഗ്രസിനെതിരെ ഇത് ആയുധമാക്കുകയും ചെയ്‌തതോടെ സമ്മര്‍ദത്തിലായ കോണ്‍ഗ്രസ് നേതൃത്വമാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. പ്രസിഡന്‍റ് കെ സുധാകരന്‍റെ നിര്‍ദേശ പ്രകാരം കെപിസിസി ജനറല്‍ സെക്രട്ടറി മരായപുരം ശ്രീകുമാര്‍ ചെയര്‍മാനും മറ്റൊരു കെപിസിസി ജനറല്‍ സെക്രട്ടറി ജി സുബോധന്‍ അംഗവുമായ കമ്മിഷനാണ് പരാതി അന്വേഷിച്ച് കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരുടെ ആരോപണങ്ങള്‍ പൂര്‍ണമായി നിരാകരിക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ കമ്മിഷന്‍റേത്.
കണ്ടെത്തലുകള്‍ ഇങ്ങനെ:പ്രതാപചന്ദ്രന് യാതൊരു മാനസിക സമ്മര്‍ദവും ആരോപണ വിധേയരായ രമേശ്, പ്രമോദ് എന്നിവരില്‍ നിന്നുണ്ടായിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ട്രഷറര്‍ക്കെതിരെ വന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍മാര്‍ പേരുവച്ച് നല്‍കി. ആരോപണ വിധേയര്‍ക്ക് പങ്കില്ല, പ്രതാപചന്ദ്രന് ഇവരുമായി യാതൊരു സാമ്പത്തിക ബന്ധവും ഇല്ല. അദ്ദേഹത്തിന്‍റെ മകന് ഈ വ്യക്തികളെ കുറിച്ച് യാതൊരൂ മുന്നറിവും ഉണ്ടായിരുന്നില്ല. ജീവിച്ചിരിക്കെ പ്രതാപചന്ദ്രന്‍ ഈ വ്യക്തികള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. മകന്‍ പരാതി നല്‍കിയത് ചില വ്യക്തികളുടെ പ്രേരണയിലെന്ന് വ്യക്തമാണ്.