കേരളം

kerala

ETV Bharat / state

സർവകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ എസ്‌എഫ്‌ഐയെ പുറത്താക്കണം; കേരളത്തെ നാണം കെടുത്തുന്നുവെന്ന് വി മുരളീധരൻ

ഭൂലോക തട്ടിപ്പുകാർ നേതൃത്വം നൽകുന്ന ഒരു സംവിധാനമായി ഭരണപക്ഷ വിദ്യാർഥി സംഘടന മാറുന്നുവെന്നും മുരളീധരൻ

എസ്എഫ്ഐ  എസ്എഫ്ഐ നേതാവിന്‍റെ വ്യാജ സർട്ടിഫിക്കറ്റ്  SFI  വി മുരളീധരൻ  ആർഷോ  PM Arsho SFI  V Muraleedharan  FAKE CERTIFICATE CONTROVERSY  കേരള സർവകലാശാല  Kerala University
വി മുരളീധരൻ വ്യാജ സർട്ടിഫിക്കറ്റ് വിവാദം

By

Published : Jun 20, 2023, 2:27 PM IST

തിരുവനന്തപുരം :എസ്എഫ്‌ഐ നേതാവിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന്‍റെ വലിയ മാതൃകകളെ രാജ്യത്തിനും ലോകത്തിനും മുൻപിൽ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇത്രയും വലിയ ക്രിമിനൽ കുറ്റം രാജ്യത്തെ നിയമ സംവിധാനത്തെ മുഴുവൻ തകിടം മറിക്കുന്ന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത റിപ്പോർട്ട് ചെയ്‌ത മാധ്യമ പ്രവർത്തകയെ ഗൂഢാലോചന കേസിൽ ഉൾപ്പെടുത്താമെങ്കിൽ സർട്ടിഫിക്കറ്റ് പരിശോധിച്ച ആർഷോയെയും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്താം. വധശ്രമക്കേസിൽ അടക്കം പ്രതിയാണ് ആർഷോ. കേരള സർവകലാശാല ചാൻസലറായി ഗവർണറെ മാറ്റിയ ആൾ ആണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.

ഭൂലോക തട്ടിപ്പുകാർ നേതൃത്വം നൽകുന്ന ഒരു സംവിധാനമായി ഭരണപക്ഷ വിദ്യാർഥി സംഘടന മാറുന്നു. ആ സംഘടനയെ ന്യായീകരിക്കാൻ ഭരണ കക്ഷിയുടെ നേതൃത്വം തന്നെ ഒരുമിച്ച് വന്ന് മാധ്യമ പ്രവർത്തകരെയടക്കം ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിൽ. ഇതു പോലെയുള്ള വാർത്തകൾ പുറത്ത് കൊണ്ട് വരുന്ന മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുക്കുമെന്നാണ് ഭീഷണി.

മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല : മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലെ സർവകലാശാലകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നായിരുന്നു. കേരളത്തിലെ സർവകലാശാലകളെ മികവിന്‍റെ കേന്ദ്രമായി മാറ്റണമെങ്കിൽ ആദ്യം എസ്എഫ്‌ഐയെ പുറത്താക്കണം. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് പ്രവർത്തിക്കാനുള്ള അവകാശങ്ങൾ എടുത്ത് കളയണം. അങ്ങനെയല്ലാതെ കേരളത്തിലെ വിദ്യാഭ്യാസ മേഖല മെച്ചപ്പെടില്ലെന്നും വി മുരളീധരൻ പറഞ്ഞു.

ഒരു വിദ്യാർഥിക്ക് പ്രവേശനം നേടാനായി ജനുവരി മാസം മൂന്ന് വരെയുണ്ടായിരുന്ന അഡ്‌മിഷൻ കാലയളവ് നീട്ടിക്കൊടുക്കുകയും ആ വിദ്യാർഥി അഡ്‌മിഷൻ നേടുകയും ചെയ്‌തു. ആരൊക്കെയാണ് ഇതിൽ പങ്കാളികൾ. മാർക്‌സിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വമാണോ, രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുള്ള സർവകലാശാല അധികൃതരാണോ എന്നറിയില്ല.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : ഒരു സമയം രണ്ട് സർവകലാശാലയിൽ പഠിക്കാൻ ഇയാൾ കുമ്പിടിയാണോ? കേന്ദ്ര ഏജൻസികൾ ഇത് അന്വേഷിക്കണം. കാരണം കേരള പൊലീസ് അന്വേഷിച്ചാൽ കെ വിദ്യയുടെ അവസ്ഥയിലേക്ക് ഇത് മാറും. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരെ പോലും നടപടിയെടുത്ത് മാറ്റി നിർത്തുന്ന അവസ്ഥയുണ്ട് സംസ്ഥാനത്ത്. ഇതിന്‍റെ പിന്നിലെ ആസൂത്രണം അടക്കം പുറത്ത് കൊണ്ട് വരണമെന്നും വി മുരളീധരൻ പറഞ്ഞു.

വ്യാജ രേഖ ചമച്ചും ആൾ മാറാട്ടം നടത്തിയും ഉന്നത വിദ്യാഭ്യാസ മേഖലയെ തുരങ്കം വയ്ക്കുകയാണ്. കേരളത്തിലെ സർവകലാശാലകളിലെ സിൻഡിക്കേറ്റുകളിൽ വൈസ് ചാൻസലർമാരെ വിരട്ടി നിർത്തിയിരിക്കുകയാണ്. എസ്എഫ്ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്.

എസ്എഫ്ഐയെ ന്യായീകരിക്കുന്നതിന് പകരം ഈ ക്രിമിനലുകളെ സംഘടനയിൽ നിന്ന് പുറത്താക്കി ജനങ്ങളോടും മാധ്യമങ്ങളോടും മാപ്പ് പറയണം. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെങ്കിൽ ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്യേണ്ടതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ALSO READ :Fake Certificate Controversy| 'ഉന്നത വിദ്യാഭ്യാസമന്ത്രിയും നിയമനം നേടിയത് വ്യാജരേഖ ചമച്ച്': കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details