തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ്റെ വിദേശയാത്ര മുടങ്ങാൻ കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പില്ലായ്‌മയും കഴിവുകേടുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മന്ത്രിയുടെ ഓഫിസ് വിദേശയാത്ര സംബന്ധിച്ച് കേന്ദ്രാനുമതിക്കായി അപേക്ഷ സമർപ്പിച്ചത് പത്താം തീയതിയാണ്. 11 ന് തന്നെ അപേക്ഷ പരിശോധിക്കുകയും 12 ന് വിദേശയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്‌തു. അപേക്ഷയിൽ പറയുന്നത് 12 മുതൽ യുഎഇയിലും ബഹ്റൈനിലും പരിപാടി ഉണ്ടെന്നാണ്. ഇക്കാര്യം അദ്ദേഹത്തിൻ്റെ ഓഫിസ് ഒരു ദിവസം മുൻപാണോ അറിഞ്ഞതെന്നും മുരളീധരൻ ചോദിച്ചു.
എന്തുകൊണ്ടാണ് യാത്രയ്ക്ക് വേണ്ടി മൂന്ന് നാല് ദിവസം മുൻപ് അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത്രയും കഴിവില്ലാത്ത ആളുകളെ വച്ച് എങ്ങനെ സർക്കാർ നടത്തിക്കൊണ്ടുപോകുമെന്നത് മുഖ്യമന്ത്രിയും സർക്കാരിന് നേതൃത്വം നൽകുന്നവരുമാണ് തീരുമാനമെടുക്കേണ്ടത്. രാജ്യത്തെ ഏത് മന്ത്രിയും എംപിയും വിദേശത്ത് പോകുമ്പോൾ കേന്ദ്രാനുമതി വാങ്ങണമെന്നുള്ളത് ചട്ടമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഇതോടൊപ്പം അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ച സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു.
അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് ഫോറം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം അബുദാബിയിൽ കൊണ്ടുവരുന്നതിനുള്ള സമ്മേളനമാണ്. അവിടെ മുഖ്യമന്ത്രിക്ക് സംസാരിക്കാനോ പ്രസംഗിക്കാനോ റോളുള്ളതായി തനിക്കറിയില്ല. പല സംസ്ഥാനങ്ങളിൽ നിന്നും മുഖ്യമന്ത്രിമാർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് അനുമതി തേടിയിരുന്നു. ആർക്കും അനുമതി നൽകിയിട്ടില്ല.