തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലാത്തതിനാൽ ഇനി വാങ്ങില്ലെന്നും, 10 രൂപ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നുമുള്ള ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിലപാടിനെതിരെ സിപിഎം എംഎൽഎ വി.കെ പ്രശാന്ത്(V K Prasanth MLA on K B Ganesh Kumar electric bus controversy). ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനമാണെന്നും, അതിന് കൃത്യമായ മെയിന്‍റനൻസ് ഒരുക്കുകയാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലാണ് സിപിഎം എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിച്ച് മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്‍റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എന്നാൽ വൈദ്യുത ബസുകൾ സർക്കാരിന് നഷ്‌ടമാണെന്നും പലപ്പോഴും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു.
കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസുകളുടെ നിരക്ക് വർധിപ്പിക്കുമെന്നും, 10 രൂപ നിരക്കിൽ തുടരാൻ സാധിക്കില്ലെന്നും ഇന്നലെ മന്ത്രി ( K B Ganesh Kumar) അറിയിച്ചിരുന്നു. തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കോടി രൂപയോളമാണ് ഇലക്ട്രിക് ബസിന്‍റെ വില. ഈ തുക ഉണ്ടെങ്കിൽ നാല് ഡീസൽ ബസുകൾ വാങ്ങാനാകുമെന്നും, വൈദ്യുത ബസുകൾ ദീർഘദൂര സർവീസിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സ്വിഫ്റ്റ് ഇപ്പോൾ ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു.