വി ഡി സതീശൻ മാധ്യമങ്ങളോട് തിരുവനന്തപുരം: സംസ്ഥാനം കണ്ട ഏറ്റവും വലിയ കോഴക്കേസായ ലൈഫ് മിഷൻ കോഴയിടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 46 ശതമാനം കോഴ വന്ന രാജ്യത്തെ തന്നെ ആദ്യ കേസാണിത്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖനായിരുന്നയാളാണ് ജയിലിൽ കിടക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് പ്രതിപക്ഷം ആരോപിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ കുറ്റം പറയുന്ന സർക്കാർ തന്നെ കത്തയച്ച് സംസ്ഥാനത്തേക്ക് അവരെയെത്തിച്ചിട്ടുണ്ട്. കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് കേരളത്തിലെ ഒരു അന്വേഷണ ഏജൻസികൾക്കും ഇത് അന്വേഷിക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ സംസ്ഥാന സർക്കാർ ഈ അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചത്.
സിബിഐ അന്വേഷണം വേണ്ടെന്ന ആവശ്യവുമായി കരാറുകാരൻ കോടതിയിൽ പോയപ്പോൾ അതിൽ സർക്കാർ കക്ഷി ചേരുകയാണ് ചെയ്‌തത്. ഇത് നാണംകെട്ട പ്രവർത്തനമാണ്. പ്രതിപക്ഷം അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ മന്ത്രിമാർ ഉൾപ്പെടെ സഭയിൽ ബഹളം വയ്ക്കുകയാണ് ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിന്‍റെ മുഖമുദ്ര കോൺഗ്രസ് വിരുദ്ധതയാണ്. ഇതിൻ്റെ ഫലമായ നീക്കുപോക്കിൻ്റെ ഭാഗമായാണ് സിബിഐ അന്വേഷണം നിലച്ചത്. ഇഡിയുടേത് കാട്ടിക്കൂട്ടലുകൾ മാത്രമാണെന്ന് നന്നായി അറിയാം. മുഖ്യമന്ത്രിയുടെ ഓഫിസിന് കോഴയിടപാടിൽ പങ്കുണ്ട് എന്നത് യാഥാർഥ്യമാണ്. അത് പറയുമ്പോൾ പൊള്ളും. എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു.