തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണം ഗൂഡാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan on Health Department Bribery Case). ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന ഉണ്ടെങ്കിൽ പിന്നിൽ സിപിഎമ്മും എൽഡിഎഫുമാണ്. പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവരാണ്.
അഖിൽ സജീവിന്‍റെ സംരക്ഷകർ ആരെന്നതും അന്വേഷിക്കണമെന്ന് വി ഡി സതീശൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാർട്ടി, അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിൻ്റെതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും വാർത്താക്കുറിപ്പിൽ സതീശൻ തുറന്നടിച്ചു. പൊലീസ് തന്നെ നിയമനത്തട്ടിപ്പിനൊപ്പം കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ് പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ. മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖിൽ സജീവ് ആരാണെന്നും സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന ഇയാൾ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഇപ്പോഴും ഇയാൾക്ക് ഉണ്ട്.
അഖിൽ സജീവിന്‍റെ സംരക്ഷകർ ആരൊക്കെയാണെന്ന് അന്വേഷിക്കണം. ഗൂഢാലോചന നടത്തിയത് ആരാണെന്ന് അപ്പോൾ വ്യക്തമാകും. യാഥാർഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെയാണ് മുഖ്യമന്ത്രി പാർട്ടി അണികൾക്ക് മുന്നിൽ ഗൂഡാലോചന സിദ്ധാന്തം അവതരിപ്പിച്ചതെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകുമെന്നും വി ഡി സതീശൻ ആരോപണം ഉന്നയിച്ചു.
കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം :ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഓഫിസിനെതിരെ ഗൂഢാലോചനയുണ്ടായെന്നും ആരോപണങ്ങള്‍ക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഗൂഢാലോചനയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ട്. ഇനിയും സർക്കാരിനെതിരെ കെട്ടിച്ചമക്കലുകൾ ഉണ്ടാകും. ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇല്ലാത്ത കഥ വച്ചാണ്. ആദ്യത്തേതോ ഒടുവിലത്തേതോ അല്ല ഇത്തരം ഗൂഢാലോചനകൾ എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി സിഐടിയു പത്തനംതിട്ട ജില്ലാ ഓഫിസ് മുൻ സെക്രട്ടറി വള്ളിക്കോട് വെട്ടത്തേത്ത് അഖില്‍ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് വെള്ളിയാഴ്‌ച പുലര്‍ച്ചെ പത്തനംതിട്ട ഡിവൈഎസ്‌പിയുടെ പ്രത്യേക സ്ക്വാഡാണ് അഖിൽ സജീവിനെ പിടികൂടിയത്.
ആയുഷ്‌മാൻ കേരള പദ്ധതിയിൽ മരുമകൾക്ക് ഡോക്‌ടറായി നിയമനം നൽകാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുൻ സിഐടിയു ജില്ലാ ഓഫിസ് സെക്രട്ടറി അഖിൽ സജീവും ആരോഗ്യ വകുപ്പ് പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യുവും പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് മലപ്പുറം സ്വദേശിയായ ഹരിദാസ് ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നിയമന വിവാദം പുറത്ത് വന്നത്.