തിരുവനന്തപുരം : രാജ്യത്തിന്‍റെ പേരുമാറ്റ വിവാദത്തിൽ (India Rename Controversy) പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). വിവിധ കാലങ്ങളുടെ ചരിത്രവഴികളിലൂടെ സമ്മേളിച്ച് രൂപമെടുത്ത പേരാണ് ഇന്ത്യയെന്നും രാജ്യത്തിൻ്റെ പേരുമാറ്റം വിലപ്പെട്ടതെല്ലാം മാറ്റിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും വി ഡി സതീശൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം (V D Satheesan Facebook Post).
പേര് മാറ്റത്തിലൂടെ പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുള്ള നീചവും യുക്തിരഹിതവുമായ ശ്രമമാണ് നടക്കുന്നത്. ഇന്ത്യ എന്നത് ഇമ്പവും അഭിമാനവും സ്‌നേഹവും ഒഴുകി ചേരുന്ന പേരാണ്. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവരായിരുന്നു, അവർ ഹിന്ദു ആയി, അവർ വസിച്ച ഇടം പിന്നീട് ഹിന്ദുസ്ഥാനും ഇന്ത്യയുമായി മാറി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാർ വരെ നമ്മുടെ സംസ്‌കൃതിയെ രൂപപ്പെടുത്തുകയും ഭാഷയെ സമ്പുഷ്‌ടമാക്കുകയും ചെയ്‌തു.
സങ്കലനത്തിന്‍റെയും മഹാ സംസ്‌കൃതിയുടെയും പേര് കൂടിയാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലവും വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ മഹാമാതൃ രൂപമാണ് ഇന്ത്യക്കുള്ളത്. പല ചരിത്ര സന്ധികളിലൂടെയും ആധുനിക ഇന്ത്യ കടന്ന് പോയി.
Also Read :Sunil Gavaskar On Renaming India To Bharat : 'ഭാരത് ക്രിക്കറ്റ് ടീം എന്നാക്കുന്നതില്‍ പ്രശ്‌നമില്ല,പക്ഷേ' ; പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍
രാജ്യത്തിന്‍റെ പേര് മാറ്റം യുക്തിരഹിതം :നിരവധി പേർ ഈ നാടിനായി പൊരുതി മരിച്ചു. കോടിക്കണക്കിന് ജനങ്ങൾ ഈ നാടിനായി അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. അഗാധമായും ആത്മാർഥമായും നാം ഒരോരുത്തരും ഇന്ത്യ എന്ന മഹാ സങ്കൽപ്പത്തെ സ്‌നേഹിച്ചു. എന്നാൽ പേര് മാറ്റത്തിലൂടെ വിലപ്പെട്ടതെല്ലാം മാറ്റിമറിക്കാനും പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുമുള്ള നീചവും യുക്തിരഹിതവുമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മതാധിഷ്‌ഠിത രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ആർ എസ് എസിന്‍റെ അജണ്ടയാണ് കേന്ദ്ര സർക്കാർ നീക്കത്തിലൂടെ പുറത്ത് വരുന്നത്.
വിവിധ കാലങ്ങളുടെ, ചരിത്രവഴികളിലൂടെ സമ്മേളിച്ചാണ് ഇന്ത്യ എന്ന പേര് രൂപമെടുത്തത്. ഇന്ത്യ ഒരു സംസ്‌കാരമാണ്. ഓർമകളും ഭാവിയുടെ സ്വപ്‌നങ്ങളുമാണ് ആ പേര്. നമ്മുടെ നാട് ഇന്ത്യയായി തന്നെ നിലനിൽക്കണം. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി നിലനിൽക്കണം. സിന്ധുവിൻ്റെ സംസ്‌കൃതിയിലൂടെ പരന്നൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ പാദം ചേർക്കുന്ന ഈ മണ്ണ് ഗാന്ധി ഘാതകരുടെ കാൽക്കൽ അടിയറ വയ്‌ക്കാനുള്ളതല്ല. എന്‍റെ നാടിൻ്റെ പേര് ഇന്ത്യ, ഞങ്ങൾ ഇന്ത്യക്കാർ എന്ന് ഉറപ്പിച്ച് തന്നെ പറയാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്‌ബുകക് പോസ്റ്റിലൂടെ പറഞ്ഞു.
Also Read :Shashi Tharoor on India Renaming: 'ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത് ജിന്ന, ബിജെപി ജിന്നയുടെ വീക്ഷണത്തെ പിന്തുണയ്‌ക്കുന്നു'; ശശി തരൂര്‍