തിരുവനന്തപുരം : വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍ഡിഗോ വിമാന കമ്പനിയുടെ തിരുവനന്തപുരം വിമാനത്താവള മാനേജര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ ടി.വി വിജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഇ.പി ജയരാജന്‍റെ പേരുപോലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞതും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിച്ചതും മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം പ്രതിഷേധം നടന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവി വരുണ്‍ ദിവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നല്‍കി. കണ്ണൂര്‍ സ്വദേശിയായ വിജിത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.