തിരുവനന്തപുരം: ഇ പി ജയരാജന് എതിരെ ഉണ്ടായ ആരോപണം പാർട്ടിയുടെ ആഭ്യന്തര കാര്യമല്ലെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2019 ൽ തന്നെ ഈ വിഷയത്തിൽ പരാതി ലഭിച്ചിട്ടും ഇത് വരെ അത് മറച്ച് വയ്‌ക്കുകയും ഒരിടപെടലും നടത്തുകയും ചെയ്‌തില്ല. എം വി ഗോവിന്ദനും വിഷയത്തിൽ മൗനം പാലിക്കുന്നതെന്ത് കൊണ്ടെന്നും പാർട്ടി നടപടി എടുക്കാത്തതെന്തുകൊണ്ടെന്നും വി ഡി സതീശൻ ചോദിച്ചു.
ഇ പി ജയരാജന് എതിരായ ആരോപണം വർഷങ്ങളായി ഒളിച്ചുവച്ചു: വി ഡി സതീശൻ - cpm
ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് ശേഖരണ ആരോപണത്തിൽ എം വി ഗോവിന്ദൻ മൗനം പാലിക്കുകയാണെന്ന് വി ഡി സതീശൻ
തെറ്റ് തിരുത്തുമെന്ന് എപ്പോഴും പറയുന്ന എം വി ഗോവിന്ദൻ നേരത്തെ ശ്രദ്ധയിൽപ്പെട്ട ഈ ക്രമക്കേടിന് എതിരെ മൗനം പാലിച്ചു. ലഹരി വിരുദ്ധ പരിപാടിക്കിടെ മദ്യപിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിനെതിരെയൊക്കെ നടപടി എടുക്കുന്ന ഈ പാർട്ടി സാധാരണക്കാരായ പ്രവർത്തകർക്കെതിരെയാണ് തെറ്റ് തിരുത്തൽ നടപടി എടുക്കുന്നതെന്നും നേതാക്കൾക്ക് ഇത് ബാധകമല്ലെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു. അന്വേഷണം എന്താണ് വേണ്ടെതെന്ന് യു ഡി എഫ് തീരുമാനിക്കുമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്ന കെ മുരളീധരന്‍റെ ആവശ്യം വ്യക്തിപരമാണെന്നും വി ഡി സതീശൻ പറഞ്ഞു.
വടകര സ്വർണക്കടത്ത് കേസുൾപ്പടെയുള്ള കേസുകളിൽ ഇ ഡി യുടെ അന്വേഷണം പോലും ബിജെപി - എൽഡിഎഫ് കൂട്ടുകെട്ടിന്‍റെ തെളിവാണ്. കണ്ണൂർ ജില്ല കമ്മിറ്റിയിൽ ഈ ആരോപണം ഇ പി വ്യവസായ മന്ത്രി ആയിരുന്നപ്പോൾ തന്നെ ഉയർന്നിട്ടും നടപടി എടുത്തില്ല. തന്‍റെ മന്ത്രിസഭയിലെ ഒരംഗം ആയിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. റിസോർട്ട് മാഫിയ, കള്ളപ്പണം വെളുപ്പിക്കൽ, ഗുണ്ടകളുമായുള്ള ബന്ധം, സ്വർണക്കടത്ത് എന്നിങ്ങനെ ഈ സർക്കാർ ഇനിയാരുമായും ബന്ധപ്പെടാൻ ബാക്കിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.