തിരുവനന്തപുരം:അലനെയും താഹയെയും എൻ.ഐ.എയ്ക്ക് കൈമാറിയ ശേഷം പീലാത്തോസിനെ പോലെ കൈകഴുകാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പ്രവർത്തകരായിരുന്ന അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരെ മാവോയിസ്റ്റ് ചാപ്പ അടിച്ച് അറസ്റ്റ് ചെയ്ത് എൻ.ഐ.എക്ക് കൈമാറിയ ശേഷം സിപിഎം അവർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഎപിഎ കേസ്; പീലാത്തോസിനെ പോലെ കൈകഴുകാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് ചെന്നിത്തല - ചെന്നിത്തല
ഇക്കഴിഞ്ഞ 19 നാണ് കേസ് എൻ. ഐ. എ ഏറ്റെടുക്കുന്നതായി വാർത്ത പുറത്ത് വന്നത്. നാളിതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയായിരുന്നെന്നും ചെന്നിത്തല
ഇരുവരും മാവോയിസ്റ്റുകളാണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കേസ് എൻ.ഐ.ഐയെകൊണ്ട് കേന്ദ്രസർക്കാർ ഏറ്റെടുപ്പിച്ചത് ഈ പ്രസ്താവനയുടെ ബലത്തിലായിരുന്നു. ഇക്കഴിഞ്ഞ 19നാണ് കേസ് എൻ. ഐ. എ ഏറ്റെടുക്കുന്നതായി വാർത്ത പുറത്ത് വന്നത്. നാളിതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയായിരുന്നു. പന്നിയങ്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലും അലന്‍റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് വാചാലരാവുകയാണ് നേതാക്കൾ ചെയ്തത്.
ഇക്കഴിഞ്ഞ 20 ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അതിന് ശേഷം സംസ്ഥാന സമിതിയും ചേർന്നിട്ടും കേസിനെക്കുറിച്ച് ഒരക്ഷരം പോലും സിപിഎം ഉരിയാടിയില്ല. ഒടുവിൽ അലന്‍റെ മാതാവും പൊതുസമൂഹവും തങ്ങൾക്കെതിരെ തിരിയുമെന്നു മനസിലാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇപ്പോൾ സിപിഎം നടത്തുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അർബൻ നക്സലുകലാണെന്ന് മുദ്രകുത്തി രണ്ട് വിദ്യാർഥികളെയും എൻ. ഐ. എയ്ക്ക് കൈമാറി അമിത്ഷായ്ക്ക് മുന്നിൽ നല്ലകുട്ടിയാകാനാണ് പിണറായി വിജയന്‍റെ ശ്രമം. എൻ. ഐ. എയ്ക്ക് കേസ് ഏൽപിച്ചു കൊടുത്ത ശേഷം ഈ രക്തത്തിൽ പങ്കില്ലെന്ന് പറഞ്ഞു പീലാത്തോസിനെ പോലെ കൈകഴുകാൻ സിപിഎമ്മിനാവില്ല. രണ്ട് വിദ്യാർഥികൾക്കും യു. എ. പി. എ ചുമത്തിയതോടെയാണ് ബിജെപി മുഖപത്രം പിണറായി വിജയന് സലൂട്ട് സമർപ്പിച്ച് എഡിറ്റ് പേജിൽ ലേഖനം എഴുതി. സംഘ്പരിവാർ പ്രീണനത്തിന് വേണ്ടിയാണ് പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.