കേരളം

kerala

ETV Bharat / state

കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്‍റെ മൊഴി; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐയുടെ കൊടികള്‍ നീക്കം ചെയ്തു - -thiruvananthapuram

കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ വധശ്രമത്തിന് ഇരയായ വിദ്യാര്‍ഥി അഖില്‍ മൊഴി നല്‍കി.

അഖിലിന്‍റെ മൊഴിയെടുപ്പ് പൂർത്തിയായി

By

Published : Jul 17, 2019, 2:29 PM IST

Updated : Jul 17, 2019, 6:06 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവർത്തകരുടെ വധശ്രമത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന അഖിലില്‍ കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് മൊഴി നൽകി. കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയാണ്. നസീം പിടിച്ചുവച്ചുവെന്നും യൂണിറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ താൻ അനുസരിക്കാത്തതാണ് പ്രതികൾക്ക് വിരോധമുണ്ടാകാൻ കാരണമെന്നും മൊഴിയിലുണ്ട്. പാട്ട് പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവർ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്. ഇവരെ കൂടാതെ ഇരുപത്തിയഞ്ചോളം പേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നുവെന്നും അഖില്‍ മൊഴി നല്‍കി.

എസ്.എഫ്.ഐയുടെ പ്രവര്‍ത്തകരാണ് ശിവരഞ്ജിത്തിനെയും നസീമിനെയും വിളിച്ചുവരുത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി തന്നെ ആക്രമിക്കുന്നതിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. അതുകൊണ്ട് തന്നെ ആസൂത്രിതമായാണ് ആക്രമിച്ചത്. പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് സംഘത്തിലുണ്ടായിരുന്ന ചിലര്‍ പറഞ്ഞുവെങ്കിലും അടിച്ചു തീര്‍ക്കാമെന്നായിരുന്നു നസീമിന്റെ വാദം. കത്തി, മരക്കഷ്ണം, ഇരുമ്പ്‌പൈപ്പ് എന്നിവ ഉപയോഗിച്ചാണ് മര്‍ദ്ധിച്ചതെന്നും അഖില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ മൊഴി എടുക്കുന്നതിനുള്ള അനുമതി നല്‍കിയത്. എസ്ഐ അജിത്തിന്‍റെ നേതൃത്വത്തിലൂള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ദൃക്‌സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. അഖിലിന്‍റെ മൊഴി വിശദമായി പരിശേധിച്ചശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തുന്നതിനും പോലീസ് ആലോചന തുടങ്ങി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിയില്‍ നിന്നും ആദ്യം രേഖപ്പെടുത്തിയ മൊഴിയില്‍ കേസെടുക്കാനാണ് ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ചശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക. ഇതിനിടെ യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ എസ്എഫ്ഐയുടെ കൊടികളും ബാനറുകളും കോളജ് അധികൃതര്‍ ഉച്ചയോടെ നീക്കി തുടങ്ങി. അക്രമത്തിന് ശേഷം കോളജ് വിദ്യാഭ്യാസ അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലെടുത്ത തീരുമാന പ്രകാരമാണിത്.

Last Updated : Jul 17, 2019, 6:06 PM IST

ABOUT THE AUTHOR

...view details