തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ടെക്നിക്കൽ സർവകലാശാലയിൽ അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽമെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫിസ് ജീവനക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്തും. സെക്രട്ടറിയേറ്റിൽ ഈ മാസം 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ വകുപ്പുകളിലേയും പാർലമെന്‍ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ളവരും 28 മുതൽ പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.