തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം അവഗണിച്ച് കേരളാ സര്‍വകലാശാലയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്. മാസ്കോ സാനിറ്റൈസറോ ഇല്ലാതെ ഒരു ചെറിയ മുറിയിൽ അമ്പതിലധികം അധ്യാപകരാണ് സര്‍വകലാശാല ആസ്ഥാനത്ത് ബിഎസ്‌സി ഒന്നാം സെമസ്റ്റര്‍ മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്; ജാഗ്രതാ നിര്‍ദേശം ലംഘിച്ച് പരീക്ഷാ മൂല്യനിര്‍ണയം - കേരളാ യൂണിവേഴ്‌സിറ്റി
അമ്പതിലധികം അധ്യാപകരാണ് സര്‍വകലാശാല ആസ്ഥാനത്ത് ബിഎസ്‌സി ഒന്നാം സെമസ്റ്റര്‍ മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുത്തത്.
കൊവിഡ്-19 രോഗം അതിവേഗം പടരുന്നതിനാല്‍ കൂട്ടം കൂടിയുള്ള എല്ലാ പരിപാടികളിലും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. കഴിവതും അത്തരം പരിപാടികള്‍ ഒഴിവാക്കണമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ യാതൊരുവിധ നിര്‍ദേശങ്ങളും പാലിക്കാതെയാണ് ബുധനാഴ്‌ച രാവിലെ സര്‍വകലാശാലയില്‍ മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിച്ചത്. പുറത്ത് നിന്നുള്ള ആര്‍ക്കും വേഗത്തില്‍ യാതൊരുവിധ പരിശോധനകളും കൂടാതെ അകത്തേക്ക് കയറാമെന്ന രീതിയിലായിരുന്നു ക്യാമ്പിന്‍റെ പ്രവര്‍ത്തനം. ഇ ടിവി വാര്‍ത്തയെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ ക്യാമ്പിന് മുന്നില്‍ നിയോഗിച്ചുവെങ്കിലും മൂല്യനിർണയ പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
ദിവസേന ആയിരത്തോളം വിദ്യാർഥികൾ വന്നുപോകുന്ന സര്‍വകലാശാല ഇൻഫർമേഷൻ സെന്‍ററിന്‍റെ പ്രവർത്തനവും ഇത്തരത്തിൽ ഒരു മുൻകരുതലുമില്ലാതെയാണ് നടക്കുന്നത്. കൊവിഡ് 19ന്‍റെ രണ്ടാം ഘട്ടത്തില്‍ സർക്കാർ കർശന ജാഗ്രതയുമായി മുന്നോട്ടു പോകുമ്പോൾ മുൻ കരുതലുകളുടെ നഗ്നമായ ലംഘനമാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്നത്.