യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം - അധ്യാപകര്‍
11 അധ്യാപകര്‍ക്കാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കോളജില്‍ വധശ്രമം നടന്ന സമയത്ത് പ്രിന്‍സിപ്പലിന്‍റെ ചുമതലയിലുണ്ടായിരുന്ന പ്രൊഫസര്‍ വിശ്വംഭരനടക്കം 11 അധ്യാപകര്‍ക്കാണ് സ്ഥലംമാറ്റം. വര്‍ഷങ്ങളായി കോളജില്‍ തുടരുന്ന ജീവനക്കാരെയും അധ്യാപകരെയും സ്ഥലം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍ കെ കെ സുമ അറിയിച്ചിരുന്നു. കോളജ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോളജിലെ പഠനാന്തരീഷം മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. ഇത് പ്രകാരമാണ് ഇപ്പോഴത്തെ കൂട്ട സ്ഥലംമാറ്റം. നേരത്തെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയിരുന്നു. ഇപ്പോള്‍ സ്ഥലം മാറ്റം ലഭിച്ചവരില്‍ യൂണിയന്‍ അഡ്‌വൈസറായ അധ്യാപകനും പരീക്ഷാ പേപ്പറിന്‍റെ ചുമതലയുള്ള അധ്യാപകനും ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥലംമാറ്റം ലഭിച്ച അധ്യാപകർ കൂടുതലും മലയാളം വിഭാഗത്തില്‍ നിന്നാണ്. തിരുവനന്തപുരം നഗരത്തിനുള്ളിലെ കോളജുകളിലേക്കാണ് അധ്യാപകരെ മാറ്റിയിരിക്കുന്നത്. ഭരണസൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്.