തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാതെ പൊലീസ്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഏഴ് പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജ് വധശ്രമം; മുഴുവൻ പ്രതികളെയും കണ്ടെത്താനാകാതെ പൊലീസ് - യൂണിവേഴ്സിറ്റി കോളേജ് വധശ്രമം
18 പ്രതികളില്‍ ഏഴ് പേർ മാത്രമാണ് ഇതുവരെ പൊലീസ് പിടിയിലായത്. ബാക്കി 11 പ്രതികളെ കണ്ടെത്താൻ ഇനിയും അന്വേഷണ സംഘത്തിനായിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥിയായും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ശിവരഞ്ജിത്ത്, നസീം എന്നിവരടക്കം 18 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും അടക്കം ഏഴ് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. ബാക്കിയുള്ള പ്രതികള്‍ക്കെതിരെ ഓഗസ്റ്റ് എട്ടിന് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചുവെങ്കിലും ആരെയും പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.
സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറയുന്ന നസീം, രഞ്ജിത്ത് ഭാസ്‌കര്‍, മുഹമ്മദ് ഇബ്രാഹിം, പ്രണവ്, അരുണ്‍കുമാര്‍, മുഹമ്മദ് അസ്‌ലം, ഹരീഷ്, അമര്‍, നന്ദകിഷോര്‍, നിധിന്‍, ഹൈദര്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. അതിനിടെ അറസ്റ്റിലായ ഏഴ് പേരില്‍ കേസ് ഒതുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്.