തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിൽ മുഖ്യപ്രതികളുടെ തെളിവെടുപ്പ് ഇന്നും നടത്താനായില്ല. നഗരത്തിലെ സമരങ്ങളും തിരക്കുകളുമാണ് തെളിവെടുപ്പ് നീളാൻ കാരണമെന്നാണ് പൊലീസ് വിശദീകരണം. കസ്റ്റഡിയിലുള്ള ശിവരഞ്ജിത്തിനെയും നസീമിനെയും ഇന്ന് കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചിരുന്നത്. എന്നാൽ കെഎസ്‌യു സമരവും എസ്‌എഫ്‌ഐയുടെ അവകാശ പത്രിക സംരക്ഷണ ജാഥയുമടക്കമുള്ള പരിപാടികൾ കാരണം തെളിവെടുപ്പിന് മുൻപായുള്ള സുരക്ഷ ഒരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. നാളെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കേണ്ടതിനാൽ രാവിലെ തെളിവെടുപ്പ് നടത്താനാണ് സാധ്യത.
യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: പ്രതികളുടെ തെളിവെടുപ്പ് ഇന്നും നടന്നില്ല - ശിവരഞ്ജിത്ത്
നാളെ ഉച്ചക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ടതിനാൽ തെളിവെടുപ്പ് രാവിലെ നടത്തിയേക്കും
അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. തെളിവെടുപ്പിൽ ആയുധം കണ്ടെത്താനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം. രണ്ട് കത്തിയും മരക്കഷണവും ഇരുമ്പു പൈപ്പും അക്രമത്തിന് ഉപയോഗിച്ചതായി അഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളെ ഇരുവരെയും കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഒളിവിൽ പോയതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ തിരിച്ചറിഞ്ഞ ബാക്കി പത്ത് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടറുടെ നിർദേശ പ്രകാരം കോളജിനുള്ളിലെ ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്തെങ്കിലും എസ്‌എഫ്‌ഐ കൊടിമരം നീക്കാത്തതിൽ ആക്ഷേപമുയരുന്നുണ്ട്. എന്നാൽ കൊടിമരം നീക്കാൻ പ്രത്യേകം നിർദേശം നൽകിയിട്ടില്ലെന്ന് കോളജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ കെ കെ സുമ വ്യക്തമാക്കി.