യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം: കെഎസ്‌യു നിരാഹാരസമരം ആരംഭിച്ചു - ഉമ്മന്‍ ചാണ്ടി
യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലും യൂണിവേഴ്‌സിറ്റിയിലെ ക്രമക്കേടുകളിലും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് നിരാഹാര സമരം.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിലാണ് സമരം. യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കെഎസ്‌യു പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‌യു നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമരം ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമികളെ ഇനിയും പിന്താങ്ങിയാല്‍ സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് ഉള്‍പെടെ അഞ്ച് പേരാണ് നിരാഹാര സമരം നടത്തുന്നത്.