തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ ബിരുദ വിദ്യാർഥിയായ അഖിലിന് കുത്തേറ്റ സംഭവത്തില്‍ പിടിയിലായ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നിവർ കുറ്റം സമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമിച്ചതെന്നും കുത്തേറ്റ അഖിലും കൂട്ടരുമാണ് ആദ്യം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം; ഒന്നും രണ്ടും പ്രതികൾ കുറ്റം സമ്മതിച്ചു - UNIVERSITY COLLEGE ISSUE
പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമിച്ചതെന്ന് പ്രതികളുടെ മൊഴി
ഇന്നലെ അർധ രാത്രിയോടെയാണ് തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് കന്‍റോൺമെന്‍റ് പൊലീസ് ഇരുവരെയും പിടികൂടിയത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്‍റോൺമെന്‍റ് പൊലീസ് അറിയിച്ചു. പ്രതികൾക്കായി ഇന്നലെ കോളേജ് ഹോസ്റ്റലിലും സ്റ്റുഡൻസ് സെന്‍ററിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ഉള്ളവ കണ്ടെത്തിയതായി ഡിസിപി അറിയിച്ചു. പാർട്ടി ജില്ലാ നേതാക്കളുടെ ഒത്താശയോടെ പ്രധാന പ്രതികൾ ഒളിവിലായിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ പ്രതികളെ തള്ളിപ്പറഞ്ഞതോടെയാണ് പ്രതികള്‍ പിടിയിലാവുന്നത്.
അതേസമയം ശിവ രഞ്ജിത്തും നസീമും ഉൾപ്പെടെ ഏഴ് പേരെ കോളജിൽ നിന്ന് സസ്പെന്‍റ് ചെയ്തു. അനിശ്ചിത കാലത്തേക്കാണ് ഇവരെ സസ്പെന്‍റെ ചെയ്തതിരിക്കുന്നത്. പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് നേടിയതിലും അന്വേഷണം ഉണ്ടാകും.