യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം: ശിവരഞ്ജിത്തിനെ ഡീബാര്‍ ചെയ്യും
യൂണിവേഴ്‌സിറ്റി വധശ്രമക്കേസിലെ മറ്റ് പ്രതികളായ പ്രണവ്, നസീം എന്നിവരുടെ ഡിഗ്രി പരീക്ഷ ഫലവും പരിശോധിക്കും
തിരുവനന്തപുരം:സര്‍വ്വകലാശാല ഉത്തരക്കടലാസ് മോഷ്‌ടിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിനെ ഡീബാര്‍ ചെയ്യാന്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. ഇതോടെ സര്‍വ്വകലാശാലയിലെ ഒരു പരീക്ഷയും ഇനി മുതല്‍ എഴുതാനാവില്ല. ശിവരഞ്ജിത്തിന്‍റെ എംഎ രജിസ്‌ട്രേഷൻ റദ്ദാക്കാനും തീരുമാനമായി. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലെ മൂന്ന് അധ്യാപകര്‍ക്കെതിരെ നടപടിയും ഉണ്ടാകും. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് തീരുമാനം. ശിവരഞ്ജിത്തിന് ഉത്തരക്കടലാസ് ലഭിച്ചതില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് പരീക്ഷ ചുമതല വഹിച്ചിരുന്ന ഡോ എംകെ തങ്കമണി, ഡോ എസ് കൃഷ്‌ണന്‍കുട്ടി, ഡോ എ അബ്‌ദുല്‍ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനം. 2015 മുതല്‍ പരീക്ഷ ചുമതലയുണ്ടായിരുന്ന പ്രിന്‍സിപ്പല്‍മാര്‍, ചീഫ് സൂപ്രണ്ടുമാര്‍ തുടങ്ങിയവരുടെ മൊഴി സമിതി എടുത്തിരുന്നു. ശിവരഞ്ജിത്തിന്‍റെയും യൂണിവേഴ്‌സിറ്റി വധശ്രമക്കേസിലെ മറ്റ് പ്രതികളായ പ്രണവ്, നസീം എന്നിവരുടെ ഡിഗ്രി പരീക്ഷ ഫലവും പരിശോധിക്കും. ഡിഗ്രി പരീക്ഷയില്‍ തുടര്‍ച്ചയായി ശിവരഞ്ജിത്ത് പരാജയപ്പെട്ടതിന്‍റെ വിവരങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണിത്.