തിരുവനന്തപുരം: യുവമോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാര പരിധികൾ കുറയ്‌ക്കാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. നിയമസഭയിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡുകൾ വച്ച് പ്രതിഷേധക്കാരെ പ്രതിരോധിച്ചു.
സർവകലാശാല നിയമ ഭേദഗതി ബിൽ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ; യുവമോർച്ച മാർച്ചിൽ സംഘർഷം ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാൻ വിസമ്മതിച്ച പ്രവർത്തകർ പാളയം - എൽഎംഎസ് റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഭേദഗതി ബിൽ ആണ് ഇന്ന്(24.08.2022) നിയമസഭയിൽ അവതരിപ്പിക്കുന്നത്. വി സിയെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് സഭയിലെത്തുന്ന ബില്ലിലെ പ്രധാന ഭേദഗതി. പുതുതായി വരുന്ന രണ്ട് അംഗങ്ങൾ സർക്കാർ നോമിനികളാണ്.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആണ് സേർച്ച് കമ്മിറ്റി കൺവീനർ. കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങൾ നിർദേശിക്കുന്ന പാനലിൽ നിന്നാണ് വിസിയെ നിയമിക്കേണ്ടത്. ഭേദഗതി നടപ്പായാൽ ഗവർണർ ഇടഞ്ഞാലും സർക്കാരിന് താൽപര്യമുള്ളവരെ തന്നെ വിസി ആക്കാൻ കഴിയും.