തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മെയ് 10 ന് ശമ്പളം ലഭിക്കില്ല. യൂണിയനുകളുമായി നടന്ന ചര്‍ച്ചയില്‍ മെയ് 10ന് മുമ്പ് ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പുനല്‍കിയിരുന്നു. എന്നാലിതുവരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ച 30 കോടി രൂപമാത്രമാണ് കെ എസ് ആര്‍ ടി സി യുടെ അക്കൗണ്ടിലുള്ളത്.
നിലവിലെ ശമ്പള പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ 52 കോടി രൂപ കൂടി വേണം. ഇത്തരം തുക ഏതെങ്കിലും ബാങ്കില്‍ നിന്ന് വായ്‌പ എടുത്താണ് ശമ്പള വിതരണം നടത്തുന്നത്. കെ.ടി.ഡി.എഫ്.സിയില്‍ നിന്നോ എസ്.ബി.ഐയില്‍ നിന്നോ ഈ തുക വായ്പ എടുക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. എല്ലാ മാസത്തിലും ഇത്തരത്തില്‍ എടുക്കുന്ന വായ്പയുടെ പലിശ ഇനത്തില്‍ മാത്രം പ്രതിമാസം വന്‍ തുകയാണ് കെ.എസ്.ആര്‍.ടി.സിക്ക് ബാദ്ധ്യതയാകുന്നത്.
158 കോടി രൂപയാണ് കെ എസ് ആര്‍ ടി സി യുടെ ഒരു മാസത്തെ വരുമാനം. ഇതില്‍ 151 കോടി രൂപ ടിക്കറ്റിലൂടെയും ബാക്കി ഏഴ് കോടി മറ്റ് മാര്‍ഗങ്ങളിലൂടെയുമുള്ള വരുമാനമാണ്. അതേസമയം 375 കോടി രൂപയാണ് പ്രതിമാസ ചിലവ് വരുന്നത്.