കേന്ദ്ര മന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘിന്‍റെ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ കേന്ദ്ര മന്ത്രി വി മുരളീധരൻ ഭക്ഷണം കഴിച്ച് മടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു കേരള സർവകലാശാല പാളയം ക്യാമ്പസിൽ എംപ്ലോയീസ് സംഘിന്‍റെ ഓഫീസ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാൽ, രജിസ്ട്രാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് എംപ്ലോയീസ് സംഘിന്‍റെ പുതിയ ഓഫീസായി തീരുമാനിച്ചിരുന്ന കെട്ടിടത്തിലെ മുറികൾ സെക്യൂരിറ്റി ജീവനക്കാർ നേരത്തെ തന്നെ താഴിട്ട് പൂട്ടിയിരുന്നു.
യൂണിവേഴ്‌സിറ്റിയുടെ ഇലക്ഷൻ ഓഫീസിന് മുൻപിലാണ് എംപ്ലോയീസ് സംഘിന്‍റെ പുതിയ ഓഫീസ് തീരുമാനിച്ചിരുന്നത്. പൂക്കളും വിളക്കും മറ്റു ഒരുക്കങ്ങളുമായി എംപ്ലോയീസ് സംഘ് പ്രവർത്തകർ രാവിലെ എത്തിയപ്പോഴാണ് താഴിട്ട് പൂട്ടിയ കാര്യം അറിയുന്നത്. എന്നാൽ, പൂട്ട് വീണ സ്ഥിതിക്ക് ഉദ്‌ഘാടനം പുറത്തുവെച്ചു നടത്താമെന്ന് മന്ത്രി തീരുമാനിക്കുകയായിരുന്നു.
ഉദ്‌ഘാടനത്തെക്കുറിച്ച് അറിവില്ലെന്ന് വിസി: തുടർന്ന് 12:30 യോടെ പൊലീസ് അകമ്പടിയുമായി സർവകലാശാലയിൽ എത്തിയ കേന്ദ്ര മന്ത്രി നേരെ വി സിയുടെ മുറിയിലേക്കാണ് ആദ്യം ചെന്നത്. തുടർന്ന് അരമണിക്കൂറോളം നീണ്ടു നിന്ന ചർച്ച. എംപ്ലോയീസ് സംഘിന്‍റെ ഓഫീസിന് ഉദ്‌ഘാടനത്തെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞതായി ചര്‍ച്ചയ്‌ക്ക് ശേഷം കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് പൊലീസ് സംഘത്തോടൊപ്പം നേരെ സിൻഡിക്കേറ്റ് ഹൗസിലെ കാന്‍റീനിലെത്തിയ മന്ത്രി ഉച്ച ഭക്ഷണം കഴിച്ച ശേഷം മറ്റു പരിപാടികൾക്കായി മടങ്ങി. അല്‍പ്പസമയത്തിന് ശേഷം എംപ്ലോയീസ് സംഘ് പ്രവർത്തകര്‍ സ്ഥലത്ത് നിന്നും മുങ്ങി. സംഘർഷം സാധ്യത കണക്കിലെടുത്ത് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരും പൂക്കളും വിളക്കും മാത്രം ബാക്കിയായി.
അതേസമയം, കേരള സർവകലാശാലയുടെ പാളയം ക്യാമ്പസിലെ എംപ്ലോയീസ് യൂണിയൻ ഓഫീസുകളുടെ അംഗീകാരത്തെക്കുറിച്ച് പരിശോധിക്കാൻ വി സി രജിസ്ട്രാർക്ക് നിർദേശം നൽകി. 24 മണിക്കൂറിനകം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. കേന്ദ്ര മന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു കേരള സർവകലാശാല വി സിയുടെ നടപടി.
വി സിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം കേന്ദ്ര മന്ത്രിയുടെ പ്രതികരണം: കേരള സർവകലാശാലയിലും ആരോഗ്യ സർവകലാശാലയിലും കേന്ദ്ര സർക്കാരുമായി സഹകരിച്ച് ചെയ്യാനാകുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് ഇപ്പോൾ വി സിയെ കാണാൻ എത്തിയതെന്ന് മുരളീധരന്‍ പ്രതികരിച്ചു. അതിനിടയിൽ ഈ സർവകലാശാലയിൽ വ്യാജ രേഖക്കാരും ആൾ മാറാട്ടക്കാരും മാത്രമേ കയറാൻ പാടുള്ളു എന്ന് സി പി എം നിലപാട് എടുത്തതായി താൻ മനസിലാക്കുന്നു. അകൂട്ടത്തിൽ താന്‍ ഉള്‍പെടാത്തതിനാല്‍ ചില ആളുകൾ എനിക്ക് വിലക്ക് കല്‍പിച്ചതായി മനസിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സർവകലാശാലകളെ ബന്ധു നിയമനത്തിന്‍റെയും മാർക്ക് ധാനത്തിന്‍റെയും കേന്ദ്രങ്ങളാക്കിയാൽ കേരളത്തിലെ ജനങ്ങൾ അത് മനസിലാക്കി നിലപാട് സ്വീകരിക്കും. ഈ ആൾമാറാട്ടത്തിന്‍റെയും വ്യാജ രേഖയുടെയും കൂട്ടത്തിൽപെടാത്തതിനാല്‍ തനിക്ക് കല്‍പ്പിക്കുന്ന അയോഗ്യതയിൽ യാതൊരു പരിഭവവുമില്ലെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആൾ മാറാട്ടക്കാരെയും വ്യാജ രേഖക്കാരെയും ലഭിക്കാത്തത് കൊണ്ടാണ് കേരളത്തിലെ 64 കോളജുകളിൽ പ്രിൻസിപ്പാൾമാർ ഇല്ലാത്തത്. എന്നാൽ, വി സി വ്യാജ രേഖക്കാരനാണോ എന്ന് ചോദിച്ചിട്ടില്ലെന്നും എംപ്ലോയീസ് സംഘിന്‍റെ പ്രവർത്തനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ധൂർത്തടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ പിഴിഞ്ഞ് പണം ധൂർത്തടിക്കുകയാണെന്ന് വി മുരളീധരൻ ആരോപിച്ചു. തനിക്ക് വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണിതെന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് ഡൽഹിയിൽ ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാനുള്ള സർക്കാരിന്‍റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി, വെള്ളം തുടങ്ങി എല്ലാത്തിലും നികുതി ചുമത്തി ജനങ്ങളെ പിഴിയുകയാണ് പിണറായി വിജയൻ, കത്തിടപാടുകളിലൂടെ കേന്ദ്രസർക്കാരിനോട് സംസ്ഥാനത്തിന്‍റെ ആവശ്യം അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്, സർക്കാർ അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. നിലവിൽ ജനങ്ങളെ കബളിപ്പിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.