തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസി തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ്. നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന് വരുത്തിതീർക്കാൻ വലിയ ശ്രമം നടന്നു. ചാനൽ മേധാവി ദൂതനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി. ചാനൽ മേധാവിയിൽ അന്വേഷണം അവസാനിപ്പിച്ചത് മുരളീധരനിലേക്ക് അന്വേഷണം എത്താതിരിക്കാനാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന നിലപാടിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഉറച്ചു നിൽക്കുന്നത് യഥാർഥ പ്രതികളെ പിടികൂടാതിരിക്കാനാണ്. നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് അംഗീകരിക്കാത്ത വി മുരളീധരൻ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തി.
വി. മുരളീധരൻ രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ
ചാനൽ മേധാവിയിൽ അന്വേഷണം അവസാനിപ്പിച്ചത് മുരളീധരനിലേക്ക് അന്വേഷണം എത്താതിരിക്കാനാണെന്നും മുരളീധരന്‍റെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുരളീധരന്‍റെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണം. കേന്ദ്ര അന്വേഷണ ഏജൻസിയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അന്വേഷണത്തിന്‍റെ ഘട്ടത്തിൽ കേന്ദ്രം ഇടപെടുന്നു. ചോദ്യം ചെയ്യലിന്‍റെ വിവരങ്ങൾ ബിജെപിക്ക് എങ്ങനെ ലഭിക്കുന്നുവെന്നും റിയാസ് ചോദിച്ചു. ബിജെപി മത വർഗീയത വളർത്തുകയാണ്. കേരളത്തിലെ കോൺഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും ചില നേതാക്കന്മാർ ബിജെപി ഏജന്‍റുമാരാണ്.
തട്ടിപ്പു നടത്തിയ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ ബിജെപി ശബ്‌ദിക്കുന്നില്ല. വി മുരളീധരനെതിരെ ലീഗും കോൺഗ്രസും മിണ്ടുന്നില്ല. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള സഖ്യമാണിതെന്നും റിയാസ് ആരോപിച്ചു. വി മുരളീധരന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജിപിഒ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി എ മുഹമ്മദ് റിയാസ്.
TAGGED:
gold smuggling case updates