തിരുവനന്തപുരം: ഗവർണറെ കൊണ്ട് പറയിപ്പിച്ചാലും സില്‍വര്‍ ലൈന്‍ പദ്ധതി നടക്കില്ലെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. സർക്കാർ എഴുതി കൊടുത്തത് വായിക്കുക മാത്രമാണ് ഗവർണർ ചെയ്‌തത്. ഗവർണറുടെ ഭരണഘടന ഉത്തരവാദിത്തമാണ് നയപ്രഖ്യാപനമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനയെ ഗവർണർ മാനിക്കുകയാണ് ചെയ്‌തത്. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന തീരുമാനത്തെ യുഡിഎഫ് പിന്തുണക്കുകയാണ് ചെയ്‌തതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിന് നഷ്‌ടപരിഹാരം ഈടാക്കാനുള്ള ഹൈക്കോടതി നിർദേശം അനുസരിച്ച് സംസ്ഥാനത്ത് 197 പേരുടെ സ്വത്തുവകകൾ ജപ്‌തി ചെയ്യാൻ നടപടി തുടങ്ങിയ സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു.
സ്വത്തു കണ്ടുകെട്ടുന്നതിന് ലിസ്റ്റ് തയ്യാറാക്കി നൽകിയത് സംസ്ഥാന സർക്കാരാണ്. ലീഗുകാർ പിഎഫ്ഐ ബന്ധം ഉണ്ടോ എന്ന് സ്വയം പരിശോധിക്കേണ്ടതാണെന്നും മുരളീധരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നിയമസഭ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കിയിരുന്നു.