തിരുവനന്തപുരം : കേരളത്തിന്‍റെ മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുതെന്നും മണ്ടൻ കളിച്ച് ജനങ്ങളെ കബളിപ്പിക്കരുതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ (Union Minister V Muraleedharan on Kerala debt). സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊണ്ടാണെന്ന പ്രചാരണം തള്ളിക്കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ ധൂർത്തും അഹന്തയും കാരണമാണ് കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നത് (Economic crisis of Kerala).
കേരളീയവും നവകേരള സദസും നടത്തി വീണ്ടും ധൂർത്ത് നടത്തുകയാണ്. കേരളത്തിൽ സമ്പൂർണ സാമ്പത്തിക തകർച്ചയാണ്. ധൂർത്ത് നിർത്താതെ കേരളം രക്ഷപ്പെടില്ല. കേരളത്തിന് നിയമപരമായി നൽകേണ്ട പണം മുഴുവൻ കേന്ദ്രം നൽകി. ഇനി പണം ലഭിക്കാനുണ്ടെങ്കിൽ അത് ചട്ടങ്ങൾ പാലിക്കാത്തതുകൊണ്ടാണ് എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി (Union Minister V Muraleedharan criticizing CM Pinarayi Vijayan).
മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്നാണ് ന്യായീകരണം. എന്നാൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്ന കണക്കുകളിൽ വ്യത്യാസമുണ്ട്. രാജ്യത്തിലെ നിയമങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാകണമെന്നും വി മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുജിസി കുടിശിക 750 കോടി രൂപ തന്നില്ലെന്നാണ് സംസ്ഥാനം പറയുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥത മൂലമാണ് ഈ പണം ലഭിക്കാത്തത്. ഈ പണത്തിനായി അപേക്ഷിക്കേണ്ട സമയത്ത് സർക്കാർ അപേക്ഷിച്ചില്ല. 2022 മാർച്ച് 31നകം ഈ പണത്തിനായി അപേക്ഷിക്കണമായിരുന്നു. കേന്ദ്രം ഇതു സംബന്ധിച്ചു കത്തും നൽകിയിരുന്നു.
സാമൂഹ്യ പെൻഷൻ മുടങ്ങുന്നത് കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണെന്നാണ് സർക്കാർ വാദം. 521 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. ഒക്‌ടോബർ മാസത്തിൽ 602.14 കോടി രൂപ കേന്ദ്രം നൽകി. രണ്ടാം ഗഡുവിനുള്ള അപേക്ഷ നൽകിയില്ല. ഒക്‌ടോബറിൽ കിട്ടിയ പണം എന്ത് ചെയതു? ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് കേരളം രണ്ടാം ഗഡുവിന് അപേക്ഷ നൽകിയില്ലെന്നും മുരളീധരൻ ചോദിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിട്ട് പ്രതിപക്ഷം അനങ്ങിയില്ല. ഏഴാം ശമ്പള പരിഷ്‌കരണത്തിലെ കുടിശ്ശിക 750 കോടി രൂപ കേന്ദ്രം തരാനുണ്ട്. അത് തന്നില്ലെന്നാണ് സർക്കാർ ഉന്നയിക്കുന്ന ആരോപണം. അത് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ്. അപേക്ഷ കൃത്യമായി കേന്ദ്രത്തിന് സംസ്ഥാനം നൽകിയില്ല.