കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് തിരുവനന്തപുരം: ഭരണ ഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡിനെ എതിർക്കില്ലെന്നും മുത്തലാഖ് നിരോധിച്ചപ്പോൾ മുസ്‌ലിം സ്ത്രീകൾക്ക് പ്രയോജനമുണ്ടായെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. സിപിഎമ്മിന്‍റെയും കോൺഗ്രസിന്‍റെയും നേതാക്കൾക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളിൽ രണ്ട് പാർട്ടിയിലെയും നേതൃത്വം അധോലോക സംഘടനകളെ പോലെ പെരുമാറുന്നുവെന്ന് വെളിവാക്കുന്നു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏക സിവിൽ കോഡിനെ കുറിച്ച് ഇത്ര വലിയ ആശങ്ക ഉണ്ടാകേണ്ട കാര്യമില്ലെന്നും കഴിഞ്ഞ കാലങ്ങളിലെ കോടതി വിധികൾ ഏക സിവിൽ കോഡ് രാജ്യത്ത് ഉണ്ടാകണമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിന്‍റെ ആശങ്കകൾ ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.
ഇതേ മാതൃകയിലാണ് ഇവർ മുത്തലാഖിനെ എതിർത്തത്. എന്നാൽ വാസ്‌തവത്തില്‍ മുത്തലാഖ് നിരോധിച്ചപ്പോൾ രാജ്യത്തെ ആയിര കണക്കിന് മുസ്‌ലിം സ്ത്രീകൾക്ക് പ്രയോജനമുണ്ടായി. ഇതു മുസ്‌ലിം സമുദായത്തിലെ മുഴുവൻ ആളുകളും അംഗീകരിക്കുന്ന കാര്യമാണ്. ഇതു തന്നെയാണ് വ്യക്തി നിയമത്തിന്‍റെ കാര്യത്തിലും വരിക. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് സിപിഎമ്മും കോൺഗ്രസും തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇത്തരം പ്രവണത അവര്‍ അവസാനിപ്പിക്കണം. ഏക സിവിൽ കോഡ് ഒരു അജണ്ടയല്ല. ബിജെപി ഭരണഘടനയെ ബഹുമാനിക്കുന്ന പാർട്ടിയാണ്. അതു കൊണ്ട് തന്നെ ഭരണഘടന അനുസൃതമായ കാര്യങ്ങൾ നടപ്പിലാക്കാനുള്ള ചുമതല സർക്കാരിനുണ്ട്. തെരഞ്ഞെടുപ്പിൽ അജണ്ടയായിട്ട് ഇത് ഉന്നയിക്കുന്നതിന് പകരം ഭരണഘടന അനുസൃതമായി കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോകാനാണ് ബിജെപിയും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈതോല പായയിലെ കോടികളെ കുറിച്ചും പ്രതികരണം:കൈതോല പായയില്‍ കോടികൾ കടത്തിയതിനെ കുറിച്ചുള്ള പരാമർശങ്ങളും കണ്ണിനടിയിലെ കറുപ്പ് മാറ്റാനുള്ള ശ്രമങ്ങളും സൂചിപ്പിക്കുന്നത് ഈ രണ്ട് പാർട്ടികളും ഈ നാട്ടിലെ നിയമങ്ങൾക്ക് വില കൽപ്പിക്കുന്നില്ല എന്നതാണ്. ദേശാഭിമാനിയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്ന ജി ശക്തിധരന്‍റെ ആരോപണം ഗുരുതരമാണ്. രണ്ടര കോടി രൂപ കൈതോല പായയിൽ പൊതിഞ്ഞ് കടത്തിയെന്നാണ് ആരോപണം. ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിന്‍റെ വിശദാംശങ്ങൾ ബന്ധപ്പെട്ട ഏജൻസികളോട് അദ്ദേഹം വിശദീകരിക്കണം. ഔപചാരികമായ പരാതിയും നൽകണം.
ബന്ധപ്പെട്ട ഏജൻസികളെ ഇതു സംബന്ധിച്ച് ബോധ്യപ്പെടുത്താൻ അദ്ദേഹം മുൻപോട്ട് വരണം. സംശയത്തിന്‍റെ മുന മുഖ്യമന്ത്രി ഉൾപ്പെടെ ആർക്കെതിരെയുമാകാം എന്ന അവസ്ഥ. അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ശക്തിധരൻ പറഞ്ഞതിന്‍റെ വിശദാംശങ്ങൾ തേടാൻ അന്വേഷണം നടത്തണം. ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഒളിക്കാൻ ഒന്നും ഇല്ലെങ്കിൽ അന്വേഷണം നടത്തണം. അന്വേഷണം നടത്തി വിവരങ്ങൾ പുറത്ത് കൊണ്ട് വരണമെന്നും മന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
പായയില്‍ ചുരുട്ടിക്കെട്ടിയ കോടികള്‍; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും:ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ പ്രാഥമികമായ വിവരം ലഭിച്ചാൽ കേന്ദ്ര ഏജൻസികൾ സ്വാഭാവികമായും അന്വേഷിക്കും. കഴിഞ്ഞ കാലങ്ങളിലൊക്കെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നത് പ്രാഥമിക വിവരം ലഭിച്ചതിന് ശേഷമായിരുന്നു. ഈ കാര്യത്തിലും ജി ശക്തിധരൻ പരാതി നൽകിയാൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് യാതൊരു മടിയും കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപിയിലെ കൊഴിഞ്ഞ് പോക്ക്:ബിജെപിയില്‍ നിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്കിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്തുന്നില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അത്തരക്കാരെ കാണാനില്ലെന്നും ഏതൊക്കെ വിഷയങ്ങളിലാണ് അവര്‍ അവഗണിക്കപ്പെട്ടതെന്നും കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥി നിർണയത്തിൽ ആലോചനകൾ തുടങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.