തിരുവനന്തപുരം : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തെക്കുറിച്ചുള്ള മോശം പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലുണ്ടായ സംഭവവികാസങ്ങൾ വിലയിരുത്തിയാൽ സംസ്ഥാനം എങ്ങോട്ട് പോയെന്ന് മനസിലാകുമെന്ന് വി.മുരളീധരൻ പറഞ്ഞു.
യോഗി പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണത്തിന്‍റെ വിലയിരുത്തൽ എന്ന നിലയിലാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ യോഗിയുടെ ഭരണത്തെ അതിന് മുൻപുള്ള ഉത്തർപ്രദേശിലെ ഭരണവുമായും കഴിഞ്ഞ അഞ്ച് വർഷത്തെ കേരളത്തിലെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാകും.
ആളുകളുടെ കാല് വെട്ടിയെടുത്ത് റോഡിൽ റോന്തുചുറ്റുന്നു, ആളുകളെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനുമുന്നിൽ കൊണ്ടിടുന്നു. അതേസമയം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ പ്രധാന നേട്ടം ഗുണ്ടാരാജ് അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. കേരളത്തിൽ ഗുണ്ടാരാജ് കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടയിൽ രൂക്ഷമായി വർധിച്ചു. അത് താരതമ്യം ചെയ്യുന്നതിൽ ഒരു തെറ്റുമില്ലെന്നും മുരളീധരൻ.