രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് തിരുവനന്തപുരം :ഏകീകൃത സിവിൽ കോഡ് സെമിനാറിലൂടെ എല്ലാവരുടെയും ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സാദരം പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് 75 വര്‍ഷമായി നടപ്പിലാക്കാത്തതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ പറഞ്ഞത്.
ഇതൊരു ഉദാഹരണമായി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്‌തത്. പ്രീണന രാഷ്ട്രീയത്തിന്‍റെ ഉത്തമമായ ഉദാഹരണമാണ് ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ഇത്രയും വര്‍ഷമായി നടപ്പിലാക്കാത്തതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ന്യൂനപക്ഷങ്ങളുടെ ആശങ്കകളെ മുതലെടുക്കാനുള്ള ശ്രമമാണ് ഇതെന്ന് വ്യക്തമാണ്.
ഇതൊരു പുതിയ നീക്കമല്ല. ആദ്യം കോണ്‍ഗ്രസ് 60 കൊല്ലം ഇത് ചെയ്‌തു. ഇപ്പോള്‍ സിപിഎമ്മും ഇത് ആരംഭിച്ചിരിക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യം മാത്രമല്ല ഇതിന്‍റെ അടിസ്ഥാനം. തെരഞ്ഞെടുപ്പിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതും ഇവരാണ്. ഞങ്ങളാരും വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജൂലൈ 15ന് ആയിരുന്നു സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്. ഏക സിവില്‍ കോഡില്‍ സിപിഎമ്മിന്‍റെ ദേശീയതലത്തിലുള്ള പ്രതിഷേധ പരിപാടികളുടെ തുടക്കം കൂടിയാണ് കോഴിക്കോട് നടന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് പൗരത്വ വിഷയത്തിന് സമാനമായ രീതിയില്‍ സിപിഎം സെമിനാറുകള്‍ നടത്താന്‍ തീരുമാനിച്ചത്.
വിവിധ ന്യൂനപക്ഷ സാമുദായിക വിഭാഗങ്ങളെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിലൂടെ സിപിഎം ഏക സിവില്‍ കോഡിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം തുടക്കം മുതല്‍ ഉയര്‍ത്തിയിരുന്നു. ലീഗിനെയും സമസ്‌തയേയും സിപിഎം സെമിനാറിന് പങ്കെടുക്കുന്നതിനായി ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസിനെ തുടക്കം മുതലേ പരിഗണിച്ചിരുന്നില്ല.
ലീഗ് ക്ഷണം നിരസിച്ചപ്പോള്‍ സമസ്‌ത സെമിനാറില്‍ പങ്കെടുക്കുന്നതില്‍ സമ്മതം നല്‍കുകയായിരുന്നു. മുസ്‌ലിം ലീഗിനെ സെമിനാറില്‍ ക്ഷണിച്ച് യുഡിഎഫില്‍ അസ്വാരസ്യം ഉണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും സിപിഎമ്മിനുണ്ടായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഇത് മറികടക്കാന്‍ യുഡിഎഫിനായി.
മുസ്‌ലിം ലീഗിനെ സെമിനാറില്‍ ക്ഷണിച്ചത് ഇടതുമുന്നണിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ തന്നെ മുസ്‌ലിം ലീഗിനെ ക്ഷണിച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നതിനാല്‍ പരസ്യ പ്രതികരണം ഒഴിവാക്കി പ്രതിഷേധിക്കുകയാണ് സിപിഐ ചെയ്‌തത്.
സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആരും ഇന്നത്തെ സെമിനാറില്‍ പങ്കെടുത്തിരുന്നില്ല. ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഡല്‍ഹിയില്‍ നടക്കുന്നു എന്ന കാരണത്താലാണ് പങ്കെടുക്കാത്തത് എന്നാണ് നൽകിയ വിശദീകരണം. സികെ വിജയന്‍ എംഎല്‍എയാണ് സിപിഐയുടെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയത്.
സിപിഎം സെമിനാറിന് സമാന്തരമായി സമസ്‌തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് നടത്താന്‍ തീരുമാനിച്ചിരുന്ന സെമിനാര്‍ മാറ്റിവച്ചിരുന്നു. സമസ്‌തയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍, വിഷയത്തില്‍ സിപിഎം സെമിനാറിന് പിന്നാലെ ജനസദസ് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. കോഴിക്കോട് വച്ച് ഈ മാസം 22 ന് ആദ്യ ജനസദസ് സംഘടിപ്പിക്കാനാണ് തീരുമാനം. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ജനസദസ്.