തിരുവനന്തപുരം: ഇന്ത്യന്‍ ജനതയ്ക്ക് ഐഎസ്ആർഒ(ഇസ്രോ)യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുണ്ടാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലോടെയെന്ന വിവാദ പരാമർശവുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിങ്. ഇന്ത്യന്‍ ബഹിരാകാശ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യത്തിലേക്ക് ഉയര്‍ത്തിയ തുമ്പയിലെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ 60-ാം വാര്‍ഷികാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന വേളയിലാണ് മന്ത്രി വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തിന് ശക്തിയും ഊര്‍ജ്ജവും പകർന്ന ശാസ്ത്രജ്ഞരുടെ സംഭാവനകളെ പൂര്‍ണമായും വിസ്‌മരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മോദി സ്‌തുതി. 2019ന് ശേഷമാണ് ഇന്ത്യന്‍ ബഹിരാകാശ രംഗം ജനങ്ങള്‍ക്കുമുന്നില്‍ തുറക്കപ്പെട്ടതെന്ന വാദവും ജിതേന്ദ്ര സിംഗ് പ്രസംഗത്തിൽ ഉന്നയിച്ചു. അതിനുമുന്‍പ് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രോ എന്ന് കേട്ടിട്ടില്ലെന്നും ശ്രീഹരിക്കോട്ട എന്താണെന്ന് ജനങ്ങൾക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ ചന്ദ്രയാന്‍ മൂന്നിന്‍റെയും ആദിത്യയുടെയും വിക്ഷേപണത്തിന് നരേന്ദ്രമോദി ശ്രീഹരിക്കോട്ട ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഗഗന്‍യാന്‍റെ വിക്ഷേപണത്തിന് പതിനായിരം ആളുകളാണ് ശ്രീഹരിക്കോട്ടയിലെത്തിയത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ടിവിയിലൂടെ ഇത് കാണാനായി. ഇപ്പോഴാണ് ജനങ്ങള്‍ക്ക് ഇസ്രോയുടെ പ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഇസ്രോയുടെ വിക്ഷേപണങ്ങളെല്ലാം നടത്തിയത് അര്‍ധരാത്രിയിലോ പുലര്‍ച്ചെയോ ആയിരുന്നു. ഇതൊന്നും അന്ന് ജനങ്ങളെ അറിയിച്ചിരുന്നില്ല. എന്തിന് 60 വര്‍ഷക്കാലം ഇസ്രോയെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിച്ചുവെന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.