തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആള്‍മാറാട്ടം നടത്തി വിദ്യാർഥിയെ കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം വിവാദമായതിന് പിന്നാലെ കർശന നടപടിയുമായി സിപിഎം. സംഭവത്തിൽ പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന വിശാഖിനെ സസ്പെൻഡ് ചെയ്‌തു. അതേസമയം കാട്ടാക്കട ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിശാഖിനെ എസ്എഫ്ഐ ഇന്നലെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നടപടി.
ആദ്യം എസ്‌എഫ്‌ഐ, പിന്നാലെ സിപിഎം:ജില്ല സെക്രട്ടേറിയറ്റ് നിർദേശ പ്രകാരമാണ് വിശാഖിൻ്റെ ലോക്കൽ കമ്മിറ്റി അംഗത്വം റദ്ദാക്കിയത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി കോളജില്‍ നിന്നും ജയിച്ച മൂന്നാം വര്‍ഷം ബികോം വിദ്യാര്‍ഥിനിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകയുമായ അനഘയുടെ പേര് മാറ്റുകയായിരുന്നുവെന്നും തുടര്‍ന്ന് ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയും എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ വിശാഖിന്‍റെ പേര് കൃത്രിമമായി ചേര്‍ത്തുവെന്നുമാണ് ഉയർന്ന ആക്ഷേപം. ഇതിനുപിന്നാലെ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്‌ടറല്‍ റോൾ റദ്ദാക്കണമെന്നും കാട്ടാക്കട ക്രിസ്ത്യൻ കോളജിന്‍റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തിയുന്നു.
Also Read:കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പ് വിവാദം: കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
നടപടിയാവശ്യപ്പെട്ട് കെഎസ്‌യുവും കോണ്‍ഗ്രസും:ആൾമാറാട്ടം നടത്തിയവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും കൃത്രിമം നടത്തിയത് ജനാധിപത്യ ധ്വംസനമാണെന്നും കെഎസ്‌യു നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റി പുറത്തുവിട്ട യുയുസി ലിസ്റ്റിൽ തെരഞ്ഞെടുപ്പ് നടന്ന എല്ലാ കോളജുകളിലെയും യുയുസിമാരെ എസ്എഫ്ഐ അല്ല എന്ന കാരണത്താൽ ഉൾപ്പെടുത്തിയില്ലെന്നും പുതിയ ലിസ്റ്റ് അവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തുവിടണമെന്ന ആവശ്യവും ഭാരവാഹികൾ മുന്നോട്ടുവച്ചിരുന്നു. എല്ലാത്തിലുമുപരി എസ്എഫ്ഐ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന രജിസ്ട്രാറാണ് സർവകലാശാലയിലുള്ളതെന്നും ഭാരവാഹികൾ പരിഹസിച്ചിരുന്നു.
കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയത് എസ്എഫ്ഐ സംഘടനയിലെ സാമൂഹ്യ വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടത്തിന്‍റെ ഭാഗമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും കുറ്റപ്പെടുത്തി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്‌ക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയ കോളജുകളിൽ ഇതുപോലെ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആദ്യം പുറത്താക്കേണ്ടത് കോളജിലെ പ്രിൻസിപ്പലിനെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ വിമര്‍ശനം കനത്തതോടെ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും രജിസ്ട്രാറും തമ്മിൽ ചർച്ച നടത്തി കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അറിയിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന്‍റെ പുതിയ തീയതി പുറത്തുവിട്ടിട്ടില്ല.
സംഭവം ഇങ്ങനെ:കഴിഞ്ഞ ഡിസംബറിലായിരുന്നു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായി (യുയുസി) ജയിച്ചത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം വിശാഖിന്‍റെ പേര് ചേർത്തുവെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെഎസ്‌യു ഉന്നയിക്കുന്ന ആരോപണം. എന്നാൽ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തുടരാൻ അനഘയ്ക്ക് താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.
Also Read:തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ ആള്‍മാറാട്ടം; 'സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്‍റെ ഭാഗം, ആദ്യം പുറത്താക്കേണ്ടത് പ്രിന്‍സിപ്പലിനെ': എംഎം ഹസന്‍