കേരളം

kerala

ETV Bharat / state

ഏകീകൃത സിവില്‍ കോഡ് : ന്യൂനപക്ഷ കേന്ദ്രീകരണം സിപിഎം ലക്ഷ്യം, ഇടതുപാര്‍ട്ടിയുടെ ശ്രമം ഹിന്ദു-മുസ്ലിം പ്രശ്‌നമുണ്ടാക്കാനെന്ന് കോണ്‍ഗ്രസ് - സിപിഎം

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം നീക്കങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്

uniform civil code  cpm  congress  uniform civil code kerala cpm  kerala cpm  UCC  ഏകീകൃത സിവില്‍ കോഡ്
uniform civil code

By

Published : Jul 3, 2023, 2:57 PM IST

തിരുവനന്തപുരം :ഏകീകൃത സിവില്‍ കോഡ് (യുസിസി) വിഷയത്തിന്‍മേല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ കോണ്‍ഗ്രസിനെ ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കുകയുമാണ് സിപിഎം ലക്ഷ്യം. എന്നാല്‍ അത്തരം നീക്കങ്ങളെ അതേ നാണയത്തില്‍ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍, കോണ്‍ഗ്രസ് മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം ഉന്നയിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ജയം കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വന്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഹിജാബ് പോലുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരും എടുത്ത തീരുമാനങ്ങള്‍ കേരളത്തിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനുള്ള സ്വീകാര്യത കൂട്ടിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം അവസരം കാത്തിരിക്കുന്നതിനിടയിലാണ് ഏകീകൃത സിവില്‍ കോഡ് എന്ന അപ്രതീക്ഷിത അവസരം ലഭിച്ചത്.

കോണ്‍ഗ്രസിന്‍റെ മൗനം ആയുധമാക്കി ഉടനടി രംഗത്തുവന്ന സിപിഎം നേതൃത്വം ബിജെപി വിമര്‍ശനത്തിനപ്പുറം കോണ്‍ഗ്രസിനെ പ്രഹരിക്കാനുള്ള വടിയായി യുസിസിയെ ഉപയോഗിക്കുകയാണ്. സിപിഎമ്മിന്‍റെ ഈ നീക്കത്തിന് സമസ്‌തയിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണ കൂടി ലഭിച്ചിരുന്നു. മാത്രമല്ല, ഇപ്പോള്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെ അഴിമതി ആരോപണം ഉള്‍പ്പടെ ഉയര്‍ത്തുന്ന കോണ്‍ഗ്രസിനെ അതില്‍ നിന്ന് പിന്‍മാറ്റാനുള്ള അവസരം കൂടിയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്.

സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ ഏകീകൃത സിവില്‍ കോഡ് കോണ്‍ഗ്രസിനെതിരായുള്ള ആയുധമാക്കാന്‍ തീരുമാനിച്ചു. കൂടാതെ യുസിസിയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിംലീഗിനെയും ക്ഷണിച്ച് യുഡിഎഫ് ക്യാമ്പില്‍ കൂടുതല്‍ ആശയക്കുഴപ്പം വിതയ്‌ക്കുകയാണ് ലക്ഷ്യം. സിപിഎം ചൂണ്ടയില്‍ ലീഗ് കൊത്തിയില്ലെങ്കിലും മുസ്ലിം ജന വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കാന്‍ തങ്ങളുടെ ആദ്യ നീക്കത്തിന് കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സിപിഎം.

തങ്ങളുടെ മൗനം സിപിഎം ആയുധമാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഏകീകൃത സിവില്‍ കോഡില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്. 'വിഷയത്തില്‍ നരേന്ദ്രമോദിയുടെ അതേ നയമാണ് സിപിഎമ്മിന്. ഇതൊരു ഹിന്ദു - മുസ്ലിം പ്രശ്‌നമാക്കാനാണ് സിപിഎം ശ്രമം' - കെസി വേണുഗോപാല്‍ ആരോപിച്ചു.

2018ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരിച്ച നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍കോഡ് അപ്രായോഗികമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെയും നയം ഇതാണെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.

ഏകീകൃത സിവില്‍കോഡ് പാടില്ലെന്നാണ് കോണ്‍ഗ്രസ് നയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഭിപ്രായപ്പെട്ടു. യുസിസി സമരത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പൗരത്വ ദേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ സര്‍ക്കാര്‍ ആദ്യം പിന്‍വലിക്കുകയാണ് വേണ്ടതെന്നും സതീശന്‍ ആവശ്യപ്പെട്ടു. 2024 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട് ബിജെപി ഉയര്‍ത്തിയ ഏകീകൃത സിവില്‍ കോഡ് ഫലത്തില്‍ കുറച്ച് ദിവസത്തേക്കെങ്കിലും സിപിഎമ്മിന് നല്ലൊരായുധമാണ് സമ്മാനിച്ചിരിക്കുന്നത്.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരക്കാനുള്ള നല്ലൊരായുധം. ഇക്കാര്യം പ്രതിപക്ഷം തിരിച്ചറിഞ്ഞ് കഴിഞ്ഞെങ്കിലും ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചിരിക്കുന്ന സിപിഎം തന്ത്രത്തിന്‍റെ മുനയൊടിക്കുക കൂടി കോണ്‍ഗ്രസിന്‍റെ ലക്ഷ്യമാണ്. അതിനാല്‍ ഏകീകൃത സിവില്‍ കോഡിനെ ചൊല്ലിയുള്ള വാദ കോലാഹലങ്ങളില്‍ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുമെന്നുറപ്പാണ്.

ABOUT THE AUTHOR

...view details