തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗാർഥികൾ സമരം ചെയ്തതിന്‍റെ പ്രതികാരം വീട്ടുകയാണ് സർക്കാർ.
ഉദ്യോഗാർഥികൾ മുൻമന്ത്രി എ.കെ ബാലനുമായി ഒപ്പുവച്ച ഉടമ്പടിയിലെ ഒരുകാര്യവും സർക്കാർ ചെയ്തില്ല. മുഖ്യമന്ത്രി വാശി ഉപേക്ഷിക്കണം.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നടപ്പാക്കണമെങ്കിൽ ആറുമാസമെങ്കിലും കാലാവധി നീട്ടി നൽകണം. കൊവിഡിന്‍റെ പരിമിതികൾക്കുള്ളിൽ നിന്ന് ഈ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
അവസാനിക്കുന്നത് ഒന്നര ലക്ഷത്തിലേറെപ്പേരുടെ പ്രതീക്ഷകൾ
493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ സംസ്ഥാനത്തെ നിയമനം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ.