തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് നേതൃത്വം. പ്രചരണത്തിന് വേഗം പോരെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് നേതാക്കള്‍ വട്ടിയൂര്‍ക്കാവിലേക്കെത്തിയത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, തിരുവനന്തപുരം എം.പി ശശിതരൂര്‍, വട്ടിയൂര്‍ക്കാവിലെ മുന്‍ എം.എല്‍.എയും നിലവില്‍ എം.പിയുമായ കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കളുടെ നീണ്ട നിരയാണ് വട്ടിയൂര്‍ക്കാവില്‍ ഇന്ന് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നത്. ശശിതരൂരിന്‍റെയും, മുരളീധരന്‍റെയും അസാന്നിധ്യം രാഷ്‌ട്രീയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇരുവരും മണ്ഡലത്തില്‍ സജീവമായിരിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ് - വട്ടിയൂര്‍ക്കാവ്
ഇടതുമുന്നണിയേയും ബിജെപിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് യുഡിഎഫ് പ്രചരണം മുന്നേറുന്നത്.
ഇടത് മുന്നണിയെ കടന്നാക്രമിച്ചാണ് യു.ഡി.എഫ് നേതാക്കളുടെ പ്രചരണം. രാഷ്‌ട്രീയം പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ആരോപിച്ചു. പാലാ ഉപതരഞ്ഞെടുപ്പിലും ഇതിനാണ് യു.ഡി.എഫ് ശ്രമിച്ചത്. എന്നാല്‍ അന്ന് മുഖ്യമന്ത്രി രക്ഷപ്പെട്ടു. ഇത്തവണ യു.ഡി.എഫ് ഇതിനനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മേയര്‍ ബ്രോ എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഊതിവീര്‍പ്പിച്ച ബലൂണിനെയാണ്. മേയര്‍ എന്ന നിലയില്‍ പ്രശാന്ത് സമ്പൂര്‍ണ പരാജയമാണ്. മാലിന്യപ്രശ്‌നത്തിലടക്കം ഇത് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി നോക്കിക്കാണുന്ന ആരും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് ബി.ജെ.പി ഇപ്പോള്‍ ശബരിമലയെക്കുറിച്ച് വീണ്ടും പറഞ്ഞ് തുടങ്ങിയത്. വിശ്വാസികളെ സംരക്ഷിക്കുമെന്ന് പറഞ്ഞവരാണ് ഒരു വിരലുപോലും അനക്കാതെയിരിക്കുന്നത്. അവരാണ് തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം പറഞ്ഞ് വോട്ട് ചോദിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.