നികുതി വർധനവില്‍ യുഡിഎഫ് രാപ്പകൽ സമരം ആരംഭിച്ചു തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രാപ്പകൽ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് വൈകിട്ട് ആരംഭിച്ച സമരം യുഡിഎഫ് കൺവീനർ എംഎം ഹസൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ എം.വിന്‍സെന്‍റ് എംഎൽഎ, വി.എസ് ശിവകുമാർ, പാലോട് രവി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം യുഡിഎഫ് പ്രവർത്തകരാണ് രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്നത്.
സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെത്തും. മറ്റ് ജില്ലകളിൽ കലക്‌ടറേറ്റിന് മുന്നിലാണ് യുഡിഎഫ് രാപ്പകൽ സമരം നടക്കുന്നത്. നാളെ രാവിലെ പത്തുമണി വരെയാണ് സമരം. സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോഴിക്കോട് നിർവഹിച്ചു. അതേസമയം മുസ്‌ലിംലീഗിന്‍റെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്ന വയനാട്ടിലും കണ്ണൂരിലും രാപ്പകൽ സമരം മറ്റൊരു ദിവസമാകും നടക്കുക.
ഇന്ധന സെസ് വർധനവ് ഉൾപ്പെടെയുള്ള നികുതി വർധനവിൽ യുഡിഎഫ് നിയമസഭയിലും പ്രതിഷേധം നടത്തിയിരുന്നു. നികുതി വർധനവിനെതിരെ ജനങ്ങൾ നികുതി ബഹിഷ്‌കരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നികുതി ബഹിഷ്‌കരണം അപ്രായോഗികമാണെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. എന്നാല്‍ നികുതി വർധനവിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഇന്ധന സെസ്സ് വർധന ഉൾപ്പെടെയുള്ളവയെ ധനമന്ത്രി കെ.എൻ ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ച് ന്യായീകരിക്കുകയാണ്.
അതേസമയം കേന്ദ്ര സർക്കാരിന്‍റെ സംസ്ഥാനത്തിനോടുള്ള സമീപനമാണ് ഇന്നത്തെ സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയുടെ മൂലകാരണമെന്ന എൽഡിഎഫ് വാദം നിരാകരിക്കുന്ന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ പിണറായി സർക്കാർ പ്രതിരോധത്തിലാവുകയാണ്. നികുതി പിരിവിൽ സംസാന സർക്കാരിന് സംഭവിച്ച വീഴ്ചയും കെടുകാര്യസ്ഥതയുമാണ് വിഷയത്തിൽ യുഡിഎഫ് പ്രധാന ആയുധമാക്കുന്നത്. സാമ്പത്തിക പിരിമുറുക്കത്തിനിടയിലും ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത് ഉൾപ്പെടെയുള്ള സർക്കാർ തല നടപടികളും പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് അടിത്തറ നല്കുന്നു.