തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമം നിര്‍മ്മിക്കുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ . സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നിയമനിർമാണം സാധ്യമല്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.
യുഡിഎഫിന്‍റെ ശബരിമല നിലപാട് കബളിപ്പിക്കല്‍; നിയമനിര്‍മാണം അസാധ്യമെന്നും എ.വിജയരാഘവൻ - എ.വിജയരാഘവൻ
അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമം നിര്‍മ്മിക്കുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കാനെന്നും ഇത് തെരഞ്ഞെടുപ്പ് വിജയത്തിനുള്ള യുഡിഎഫിന്‍റെ എളുപ്പവഴിയെന്നും എ വിജയരാഘവന്‍.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എളുപ്പവഴിയായാണ് ശബരിമലയെ സംവാദ വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടുന്നത്. ജനങ്ങളെ വഴിതെറ്റിക്കാനുള്ള യുഡിഎഫ് തന്ത്രമാണിത്. പ്രചരണ നേതൃത്വം ഉമ്മൻചാണ്ടി ഏറ്റെടുത്ത ശേഷമാണ് ശബരിമലയെ പ്രചരണ വിഷയമായിയത് . ശബരിമല വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധിക്ക് ശേഷം വിഷയം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നതാണ് സി പി എം നിലപാടെന്നും എ.വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ.സുധാകരന്‍റെ പ്രസ്താവന അതീവ ഹീനമായതെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. പരിഷ്കൃത കാലത്ത് ഇത്തരം പ്രയോഗങ്ങൾ അപലപനീയമാണ്. കേരളം കടന്നു വന്ന കാലത്തെ കുറിച്ച് ബോധമില്ലാത്തതിനാലാണ് സുധാകരൻ ഇത്തരത്തിൽ സംസാരിക്കുന്നതെന്നും എ.വിജയരാഘവൻ കുറ്റപ്പെടുത്തി.