കേരളം

kerala

ETV Bharat / state

UDF Secretariat Protest : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നാളെ; ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊലീസ്

UDF demanding Chief minister's resignation : റേഷന്‍ മുതല്‍ സെക്രട്ടേറിയറ്റുവരെ ഉപരോധം എന്ന പേരില്‍ പ്രതിപക്ഷം ആരംഭിച്ച സമരത്തിന്‍റെ അവസാന ഘട്ടമായാണ് നാളെ മുതൽ ഉപരോധ സമരം സംഘടിപ്പിക്കുന്നത്.

യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം  UDF Secretariat Protest  UDF demanding Chief ministers resignation  Protest against Kerala Government  സെക്രട്ടേറിയറ്റ് ഉപരോധം നാളെ മുതൽ  തിരുവനന്തപുരം  UDF  PInarayi Vijayan  കേരളീയം പരിപാടി
UDF Secretariat Protest

By ETV Bharat Kerala Team

Published : Oct 17, 2023, 9:26 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും ആരോപിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം നാളെ (ഒക്‌ടോബര്‍ 18) പുലര്‍ച്ചെ മുതല്‍ ആരംഭിക്കും (UDF Secretariat Protest). റേഷന്‍ മുതല്‍ സെക്രട്ടേറിയറ്റുവരെ ഉപരോധം എന്ന പേരില്‍ ആരംഭിച്ച സമരത്തിന്‍റെ അവസാന ഘട്ടമായാണ് ഉപരോധ സമരം. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വികസനം ചൂണ്ടിക്കാട്ടി നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്‌ചക്കാലം നടത്തുന്ന കേരളീയം പരിപാടിക്കു ബദലായി കൂടിയാണ് യുഡിഎഫ് ഈ സമരം സംഘടിപ്പിക്കുന്നത്.

ഒരു വശത്ത് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ സര്‍ക്കാരും എല്‍ഡിഎഫും ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും ഉയര്‍ത്തി പ്രതിരോധിക്കുക കൂടിയാണ് ഇതിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നേട്ടത്തിനു ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് കൂടിയാണ് പ്രതിപക്ഷത്തിന്‍റെ മറുനീക്കങ്ങള്‍.

അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ഉപരോധത്തിന്‍റെ ഭാഗമായി യുഡിഎഫ് ആവശ്യപ്പെടുന്നു. എല്ലാ ജില്ലകളില്‍ നിന്നുമായി അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്. പദയാത്രയ്‌ക്കെത്തുന്ന മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ ആശാന്‍ സ്‌ക്വയറില്‍ ഒത്തുകൂടി പദയാത്രയായി സെക്രട്ടേറിയറ്റിലേക്ക് നീങ്ങും.

രാവിലെ ആറ് മണി മുതല്‍ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന് എന്‍.എച്ച് റോഡുവഴി വരുന്ന വാഹനങ്ങള്‍ ചാക്ക-പേട്ട വഴി എം.എല്‍.എ ഹോസ്റ്റലിന് മുമ്പില്‍ ആശാന്‍ സ്‌ക്വയറില്‍ ആളിറക്കിയശേഷം വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ് റോഡിലും എം.സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട്-പോത്തന്‍കോട് വഴി കയറി വെട്ടുറോഡ് വഴി കഴക്കൂട്ടം ബൈപാസ് റോഡുവഴി ചാക്ക, പേട്ട, ജനറല്‍ ആശുപത്രി വഴി ആശാന്‍ സ്‌ക്വയറിന് മുമ്പില്‍ പ്രവര്‍ത്തകരെ ഇറക്കിയശേഷം വാഹനങ്ങള്‍ ഈഞ്ചക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം.

പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ ആസാദ് ഗേറ്റുവരെ അണിനിരക്കണം. മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന പ്രവര്‍ത്തകര്‍ രാവിലെ എട്ട് മണിക്ക് മുമ്പായി സമരകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചേരണം. വൈകിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കിലകപ്പെട്ട് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കുവാന്‍ പ്രയാസമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന്‍റെ മൂന്ന് ഗേറ്റുകള്‍ കേന്ദ്രീകരിച്ചാകും ഉപരോധം. മന്ത്രിമാരും ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലേക്ക് കടക്കുന്ന കന്‍റോണ്‍മെന്‍റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. സുരക്ഷയ്ക്കായി ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details