കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്, സർക്കാരിന് എതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധ സമരം

രാവിലെ 7 മണിക്ക് യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം ആരംഭിച്ചു. പ്രതിഷേധത്തിനായി എത്തുന്നത് തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള യുഡിഎഫ് പ്രവർത്തകർ.

udf secretariat encirclement strike against ldf  udf protest  udf protest against ldf government  udf secretariat encirclement strike  udf strike against ldf government  എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ്  യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ സമരം  യുഡിഎഫ് സമരം  യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ  യുഡിഎഫ്  എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികം  സെക്രട്ടേറിയറ്റ് വളയൽ സമരം
യുഡിഎഫ്

By

Published : May 20, 2023, 10:20 AM IST

യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരം

തിരുവനന്തപുരം :എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം വാർഷിക ദിനമായ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരാണ് ആദ്യം ഗേറ്റുകൾ ഉപരോധിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധത്തിനായി എത്തുന്നത്.

8 മണിയോടു കൂടി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിലെ പ്രവർത്തകരും 10 മണിയോടു കൂടി എറണാകുളം, ഇടുക്കി ജില്ലയിലെ പ്രവർത്തകരും എത്തിച്ചേരും. തുടർന്ന് പത്തുമണിയോടെ സെക്രട്ടേറിയറ്റ് പൂർണമായും വളയും. വിവിധ ഗേറ്റുകളിൽ യുഡിഎഫിന്‍റെ നേതാക്കന്മാർ പ്രവർത്തകരെ നിയന്ത്രിക്കുന്നുണ്ട്.

തുടർന്ന് യുഡിഎഫിന്‍റെ ഉന്നത നേതാക്കളായ കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ഷിബു ബേബി ജോൺ, എം കെ പ്രേമചന്ദ്രൻ, സി പി ജോൺ, പി എം എ സലാം, ഡോ. എം കെ മുനീർ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു തുടങ്ങിയവരും യുഡിഎഫിന്‍റെ എംഎൽഎമാരും എംപിമാരും പ്രസംഗിക്കും.

ആവശ്യങ്ങൾ ക്രോഡീകരിച്ച് സമരത്തിനിറങ്ങി യുഡിഎഫ് : രണ്ട് വർഷമായി യുഡിഎഫ് നടത്തി വരുന്ന സമരങ്ങളുടെ ആവശ്യങ്ങൾ ക്രോഡീകരിച്ച് കൊണ്ടാണ് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ യുഡിഎഫ് സമരത്തിന് ഇറങ്ങുന്നത്. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, സാമൂഹിക ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള പെൻഷൻ കുടിശ്ശിക ഉടൻ നൽകുക, അന്യായമായ നികുതി വർധനവ് പിൻവലിക്കുക, കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവില പ്രഖ്യാപിക്കുക, നെല്ല് സംഭരണത്തിൽ കൃഷിക്കാർക്ക് നൽകേണ്ട പണം നൽകുക, ഇൻഷുറൻസ് കുടിശിക നൽകുക, കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകുക, എ ഐ ക്യാമറ ഇടപാടിലെ അഴിമതി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തുക, കെ ഫോൺ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തുന്നത്.

എൽഡിഎഫ് നടത്തിയ സമരത്തിന് സമാനമായി യുഡിഎഫ് : പത്ത് വർഷം മുൻപ് സോളാർ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയലിന് സമാനമായാണ് യുഡിഎഫും സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഉച്ച വരെ നീണ്ടുനിൽക്കുന്ന സമരത്തിന് മുന്നോടിയായി കർശനമായ ട്രാഫിക് നിയന്ത്രണമാണ് തലസ്ഥാന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് വരുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിർദേശം നേരത്തെ നൽകിയിരുന്നു. സ്റ്റാച്യു റോഡിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ പാളയം, ബേക്കറി ജങ്ഷൻ തുടങ്ങിയടത്ത് ഉപ റോഡുകൾ അടച്ചും പൊലീസുകാർ ട്രാഫിക് നിയന്ത്രണം നടത്തുന്നുണ്ട്.

Also read :എഐ ക്യാമറ വിവാദത്തിൽ പിടിവിടാതെ പ്രതിപക്ഷം ; കഥകൾ കൂടുതൽ പുറത്തുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന് വി.ഡി സതീശൻ

ABOUT THE AUTHOR

...view details