തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവില്‍ പ്രതിഷേധിച്ച് രാപ്പകൽ സമരവുമായി യുഡിഎഫ്. സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കലക്‌ടറേറ്റുകള്‍ക്ക് മുമ്പിലും ഫെബ്രുവരി 13 ന് വൈകിട്ട് നാല് മണി മുതല്‍ 14ാം തിയതി രാവിലെ പത്ത് മണിവരെ രാപ്പകൽ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യ നികുതി വർദ്ധനവിലൂടെ ജനദ്രോഹപരമായ നയമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റ 2014 ലെ ഫേസ്ബുക്ക് പോസ്റ്റും എംഎം ഹസൻ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നില്‍ വായിച്ചു.
'യുഡിഎഫിലെ എല്ലാ സംഘടനകളും പ്രത്യക്ഷ സമരത്തിലാണ്. നികുതി കൊള്ള നടത്തി നികുതി ഭീകരത ആണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. അതിരൂക്ഷമായ വിലക്കയറ്റം ഉണ്ടെന്ന് പറയുന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ 2,000 കോടി രൂപയാണ് വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കി വെച്ചിട്ടുള്ളത്'.