തിരുവനന്തപുരം: കുട്ടനാട് സീറ്റിന്‍റെ കാര്യത്തില്‍ പി.ജെ.ജോസഫ് പക്ഷം വിട്ടുവീഴ്‌ചക്ക് തയ്യാറായേക്കുമെന്ന് സൂചന. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. ജോസഫ്- ജോസ് വിഭാഗങ്ങളുമായി സീറ്റ് സംബന്ധിച്ച് ധാരണയിലെത്താൻ യുഡിഎഫ് ഉഭയകക്ഷി ചർച്ച നടത്തും. ഈ മാസം 29 ന് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗം നേതാക്കളുമായി കൊച്ചിയിലായിരിക്കും ചര്‍ച്ച.
കുട്ടനാട് സീറ്റ്; ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനമെന്ന് യുഡിഎഫ്
ഈ മാസം 29 ന് കേരളാ കോണ്‍ഗ്രസിലെ ജോസഫ്- ജോസ് വിഭാഗങ്ങളുമായി ചർച്ച നടത്തും
കുട്ടനാട് സീറ്റ് സംബന്ധിച്ച വിശദ ചർച്ചകളിലേക്ക് ഇന്നത്തെ യുഡിഎഫ് യോഗം കടന്നില്ല. എന്നാല്‍ പാലായും വട്ടിയൂർക്കാവും ആവർത്തിക്കാതിരിക്കാൻ എന്തുവില കൊടുത്തും കുട്ടനാട് വിജയിക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ യോഗത്തിൽ വ്യക്തമാക്കി. വിട്ടുവീഴ്‌ചക്ക് എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നണിയില്‍ കോണ്‍ഗ്രസ് കൂടുതല്‍ നേതൃപരമായ പങ്കുവഹിക്കണമെന്ന് യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യുഡിഎഫില്‍ എന്ത് നടക്കുന്നുവെന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും അതിന്‍റെ പ്രതിഫലനമാണ് പാലായില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിക്കുളളിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും മുസ്ലീംലീഗ് കടുത്ത നിലപാട് സ്വീകരിച്ചു. ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് യാതൊരു പ്രശ്‌നമില്ലെന്ന് യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പൊലീസ് തലപ്പത്തെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മാർച്ച് 16ന് നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ധർണ നടത്താനും ഏപ്രിൽ രണ്ടിന് സെക്രട്ടേറിയറ്റ് വളയാനുമാണ് തീരുമാനം.