തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടത് സംബന്ധിച്ച വിവാദങ്ങള്‍ പുകയുന്നതിനിടെ ഈ മാസം മുപ്പത്തിയൊന്നിന് വീണ്ടും യുഡിഎഫ് ഉന്നതാധികാര സമിതിയോഗം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു ഭാഗത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലീംലീഗ് എന്നിവര്‍ മറു വശത്തും നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യോഗം തീരുമാനിച്ചത്.
യുഡിഎഫ് ഉന്നതാധികാര സമിതിയോഗം ഡിസംബര്‍ മുപ്പത്തിയൊന്നിന് - യു.ഡി.എഫ് യോഗം
ഈ മാസം ഇരുപത്തിയൊമ്പതിന് സര്‍ക്കാര്‍ വിളിച്ചിട്ടുള്ള സര്‍വ്വ കക്ഷി യോഗത്തിലെ അഭിപ്രായങ്ങളില്‍ യുഡിഎഫിന്‍റെ നിലപാട് സംബന്ധിച്ച് ഉന്നതാധികാര സമിതിയോഗത്തില്‍ തീരുമാനമുണ്ടാകും
ഈ മാസം ഇരുപത്തിയൊമ്പതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള സര്‍വ്വ കക്ഷി യോഗത്തിലുയരുന്ന തീരുമാനങ്ങളില്‍ യുഡിഎഫിന്‍റെ നിലപാട് സംബന്ധിച്ചും ഉന്നതാധികാരയോഗത്തില്‍ തീരുമാനമുണ്ടാകും. പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ യുഡിഎഫിന് കഴിയുന്നില്ലെന്ന വിമര്‍ശനം യോഗത്തില്‍ ലീഗ് മുന്നോട്ടു വയ്ക്കും. പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് സമരങ്ങള്‍ കുറച്ചു കൂടി ഊര്‍ജസ്വലമാക്കണം എന്ന അഭിപ്രായം മുസ്ലീം ലീഗിനുണ്ട്. എന്നാല്‍ യോജിച്ച പ്രക്ഷോഭത്തിന്‍റെ ആവശ്യമില്ലെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്‍റും ആര്‍എസ്പി, സിഎംപി എന്നീ കക്ഷികളും ഉറച്ചു നില്‍ക്കും. ഇനിയും യോജിച്ച പ്രക്ഷോഭം ആകാമെന്നും അതിന് വിട്ടു വീഴ്‌ചകളാകാമെന്നുമാണ് ലീഗിന്‍റെ നിലപാട്.